ചെക്ക് പോസ്റ്റുകളിലെ ക്രമരഹിത പ്രവര്‍ത്തനങ്ങള്‍: ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ തുറന്നുകാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍
ചെറുവത്തൂര്‍: ചെക്ക് പോസ്റ്റുകളിലെ അഴിമതിക്ക് സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ കര്‍ശന നിര്‍ദേശങ്ങള്‍. ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി.
ചുമതലയുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അവധി ദിവസങ്ങളിലും രാത്രിസമയങ്ങളിലും ചെക്ക് പോസ്റ്റുകളില്‍ വരാറില്ല. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരസ്പരം സഹായിക്കാനായി ഓരോരുത്തരും 24 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യുന്നു.
എം.വി.ഐമാരും എ.എം.വി.ഐമാരും തങ്ങള്‍ ചെയ്യേണ്ട ജോലികള്‍ അറ്റന്‍ഡര്‍മാരെ കൊണ്ട് ചെയ്യിക്കുന്നു എന്നിവയാണ് ക്രമരഹിത പ്രവര്‍ത്തനങ്ങളിലേക്ക് വഴിതുറക്കുന്നതിന്റെ പ്രധാനകാരണങ്ങളായി പറയുന്നത്.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും അറ്റന്‍ഡര്‍മാരും പലപ്പോഴും യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കാറില്ല. ആര്‍.ടി.ഒമാരും, ഡി.ടി.സിമാരും ചെക്ക് പോസ്റ്റുകളില്‍ ആവശ്യമായ പരിശോധന നടത്താറില്ലെന്നും സര്‍ക്കുലറിലുണ്ട്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡ്യൂട്ടി സംബന്ധമായ ഒന്‍പത് നിര്‍ദേശങ്ങള്‍ കൂടി നല്‍കിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലെ പ്രാഥമിക ഉത്തരവാദിത്വം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും. ഇവര്‍ പൊതുഅവധി ദിവസങ്ങളില്‍ അവധി എടുക്കാന്‍ പാടില്ല. ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ ഇവര്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ ചെക്ക് പോസ്റ്റുകളില്‍ തന്നെയുണ്ടാകണം. എം.വി.ഐമാര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും രാത്രി ഒന്‍പത് മുതല്‍ അടുത്തദിവസം രാവിലെ ആറുവരെ ചെക്ക് പോസ്റ്റുകളില്‍ ജോലിചെയ്യണം.
എ.എം.വി.ഐമാര്‍ ചെയ്യേണ്ട ജോലികള്‍ ഒരിക്കലും അറ്റന്‍ഡര്‍മാരെ കൊണ്ട് ചെയ്യിക്കരുതെന്നും ഉദ്യോഗസ്ഥര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യൂനിഫോം,നെയിം പ്ലേറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."