മാനവികതയുടെ മാനിഫെസ്റ്റോ
മികച്ച ചെറുകഥകളിലൂടെ മുഖ്യധാരാ സാഹിത്യ ലോകത്ത് ഇടം പിടിച്ച യുവ എഴുത്തുകാരനാണ് സലിം. എഴുതിയതിലൊക്കെ അസാമാന്യ ഉള്‍ക്കാഴ്ചയും ദീര്‍ഘദര്‍ശനവും കൊണ്ട് സൃഷ്ടികളെ നാടിന് മികച്ച സന്ദേശമാക്കുന്നതില്‍ വിജയിച്ച സലീമിന്റെ പ്രഥമ നോവലായ ബ്രാഹ്മിണ്‍ മൊഹല്ല 266 പേജുകളിലായി പരന്നു കിടക്കുന്നു. മികച്ച വയനാനുഭവം നല്‍കുന്നതോടൊപ്പം ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്‌കാരിക, ചരിത്ര ഭൂമികകളില്‍ നാള്‍ക്കുനാള്‍ തിടംവച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതയേയും മനസുകളില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളേയും ആവിഷ്‌ക്കരിക്കുന്നതോടൊപ്പം സ്‌നേഹത്തേയും പ്രണയത്തേയും മറുമരുന്നാക്കി എങ്ങനെ അതിനെ പ്രതിരോധിക്കാമെന്ന സന്ദേശം കൂടി വായനക്കാര്‍ക്ക് സമ്മാനിക്കുന്നു ബ്രാഹ്മിണ്‍ മൊഹല്ല. ഈ നോവലിലെ ഷെമീം അഹമ്മദും കൃഷണപ്രിയയും ഈ മഹത്‌സന്ദേശത്തിന്റെ പ്രോജ്ജ്വല നിദര്‍ശനമാവുന്നു.
ശാന്തമായും സമാധാനപരവുമായും സഹവര്‍ത്തിത്വത്തോടെയും ജീവിതം തള്ളിനീക്കുന്ന ചാമക്കടവ് നിവാസികള്‍ക്കിടയില്‍ വിദ്യാസമ്പന്നരായ ഷെമീം അഹമ്മദിന്റേയും കൃഷ്ണപ്രിയയുടേയും പ്രണയത്തില്‍ വിദ്വേഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ 1992 ഡിസംബര്‍ 6 നിമിത്തമായതിന്റെ രാഷ്ട്രീയ പശ്ചാതലത്തില്‍ നിന്നാണ് ഈ നോവല്‍ പിറവിയെടുക്കുന്നത്. ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്ന് വടക്കോട്ടും തിരിച്ച് തെക്കോട്ടും നടത്തുന്ന ദീര്‍ഘദൂര തീവണ്ടിയാത്രക്കിടയില്‍ പറഞ്ഞുപോകുന്ന കഥ മറ്റൊരു ഇന്ത്യയെ കണ്ടെത്തലായി മാറുന്ന കാഴ്ചയൊരുക്കുന്ന നോവല്‍ കൂടിയാണിത്. ഒന്നിച്ചു ജീവിക്കാന്‍ പുതിയ ഇന്ത്യനവസ്ഥയില്‍ സാധ്യമാവില്ലെന്ന തിരിച്ചറിവില്‍ ഷെമീം അധ്യാപക ജോലിക്കായി ഉത്തരേന്ത്യന്‍ ഗ്രാമമായ ബ്രാഹ്മിണ്‍ മൊഹല്ലയിലേക്ക് പുറപ്പെടുന്നു. സ്വന്തം ഗ്രാമംവിട്ട് പ്രശ്‌ന സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കുന്ന തീര്‍ത്തും അപരിചിതമായ ഒരിടത്തേക്ക് യാത്രതിരിക്കുന്ന സ്വന്തം മകനോട് ബാപ്പക്കൊന്നേ പറയാനുണ്ടായിരുന്നുള്ളു. 'മോനേ ഒറ്റക്കാര്യത്തിലേ ബാപ്പാക്ക് വിഷമമുള്ളു. ഇജ്ജ് പോണത് ഉത്തരേന്ത്യയിലേക്കാണ് എന്നതിനാലാണ്.' ഇപ്പോള്‍ ജോലിക്കാണെങ്കില്‍കൂടി ഒരു മുസ്‌ലിം ചെറുപ്പക്കാരന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ എത്തിപ്പെടുമ്പോളുണ്ടാവുന്ന ഭയപ്പാടുകളും പുകിലുകളും പുതിയ ഇന്ത്യ അടയാളപ്പെടുന്ന സൂചകമായിത്തന്നെ കരുതണം.
'ഇവരെന്നെ കൊണ്ടു പോയാല്‍ പിന്നെയൊരിക്കലും പുറംലോകം കാണില്ല. എന്തോ ചതി നടന്നിട്ടുണ്ട് ഉമ്മാ..' ഉത്തരേന്ത്യന്‍ പൊലിസിനാല്‍ വ്യാജക്കേസില്‍ ഉള്‍പ്പെടുത്തി പിടിച്ചുകൊണ്ടുപോകുമ്പോള്‍ ഷെമീമില്‍ നിന്നും ഉയരുന്ന ഈ വിലാപം സമകാല ഇന്ത്യയുടെ നിലവിളിയായി കരുതണം. അതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇന്ത്യന്‍ മീഡിയകള്‍ പലപ്പോഴും വച്ചു പുലര്‍ത്തുന്ന ഭരണകൂട ഭീകരതക്കുള്ള പിന്തുണ. 'ഷെമിം അഹമ്മദിനെ സംശയത്തിന്റെ നിഴലില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു' എന്ന് കൃഷ്ണപ്രിയ എന്ന ജേര്‍ണലിസ്റ്റ് സ്വന്തം സ്ഥാപനത്തിലേക്കയച്ച വാര്‍ത്ത എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ 'തീവ്രവാദിയായ ഷെമീം' എന്നായതില്‍ കൃഷ്ണപ്രിയക്കുണ്ടായ നീരസം അവളില്‍ രോഷമായി ജ്വലിക്കുന്നുണ്ട്.
ഇനിയും കുറ്റിയറ്റു പോവാത്ത പത്രപ്രവര്‍ത്തനത്തിന്റെ നന്മ മരമായി തളിര്‍ത്തു നില്‍ക്കുന്ന കൃഷ്ണപ്രിയ എന്ന മലയാളി പത്രപ്രവര്‍ത്തക നടത്തുന്ന സാഹസിക ഇടപെടലുകളും വിഷ്ണുപ്രസാദെന്ന പൊലിസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന ധീരതയോടെയുള്ള നീതിക്കുവേണ്ടിയുള്ള നിതാന്തമായ കാവലും.. നോവലില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നു. മതേതരത്വത്തോടും ജനാധിപത്യത്തോടും പ്രണയാഭിനിവേശങ്ങളോടും ഒക്കെയുള്ള പ്രതിബദ്ധതയില്‍ ഇനിയും പ്രതീക്ഷയുടെ നുറുങ്ങുവെട്ടങ്ങള്‍ പൊലിഞ്ഞു പോകുന്നില്ലായെന്ന് കഥയിലൂടെ സാക്ഷ്യപ്പെടുത്തുമ്പോള്‍ നോവലിസ്റ്റ് എഴുത്തിന്റെ ലക്ഷ്യം കൃത്യമായിത്തന്നെ അടയാളപ്പെടുത്തുന്നു.
ബ്രാഹ്മിണ്‍ മൊഹല്ലയിലെ അധ്യാപന ജീവിതത്തിനിടയില്‍ ഷെമീം തന്നില്‍ ഇനിയും മുളപൊട്ടില്ലാ എന്ന് വിചാരിച്ചിരുന്ന പ്രണയത്തെ ഷേര്‍ളി ടീച്ചറുമായുള്ള അടുപ്പത്തോടെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നിടത്ത് അത് ഏതൊരു വ്യക്തിയിലും അന്തര്‍ലീനമായിട്ടുള്ള ജൈവിക ചോദനയുടെ പ്രതിഫലനമായി കണ്ടാല്‍മതിയാവും. ഇത്തരം ഭാഗങ്ങളില്‍ കഥാകൃത്ത് വിശേഷണമായി സ്വീകരിക്കുന്ന ഭാഷ വായനക്കാരിലേക്ക് കവിതയുടെ ഭാവത്തില്‍ പെയ്തിറങ്ങുന്ന നിരവധി പ്രയോഗങ്ങള്‍ ഈ എഴുത്തിനെ ആകര്‍ഷകമാക്കുന്നു.
അതിലൊന്നാണ് ഷേര്‍ളിടീച്ചര്‍ സാരിയുടുക്കുമ്പോളുള്ള സൗന്ദര്യത്തേയും ആകര്‍ഷണീയതയേയും കുറിച്ചുള്ള ചില വിശേഷങ്ങള്‍. 'പുഞ്ചിരിതൂകി ഷേര്‍ളിടീച്ചര്‍ ഞങ്ങള്‍ക്കരികിലെത്തി. ഇറക്കിയുടുത്ത സാരിയുടെ ഞൊറികള്‍ക്കിടയിലൂടെ വെളിവാകുന്ന ആഴമുള്ള പൊക്കിള്‍ച്ചുഴിയില്‍ കാറ്റ് ഓടക്കുഴലൂതി'. വായനക്കാരെ പറയുന്ന കഥയോട് ആഴത്തില്‍ അടുപ്പിച്ച് നിറുത്താനും കഥക്ക് ദൃശ്യവല്‍ക്കരണ സാധ്യതയും തെളിഞ്ഞുവരുന്ന ഇത്തരം പദപ്രയോഗങ്ങള്‍ എഴുത്തിന്റെ കാവ്യശൈലിയെ ഓര്‍മിപ്പിക്കുന്നു.
പള്ളിത്തകര്‍ച്ചയുടെ പ്രതിഫലനമായി ചാമക്കടവിലും മനസുകളില്‍ വിടവുകള്‍ രൂപപ്പെട്ടപ്പോഴും ഹൃദയംകൊണ്ട് പരസ്പരം ചേര്‍ന്നു നില്‍ക്കാന്‍ കൊതിച്ച കൃഷ്ണക്കും ഷെമീമിനും തെരുവില്‍ നിന്നും പാഞ്ഞടുക്കുന്ന വര്‍ഗീയ കോമരങ്ങളുടെ രോഷത്താല്‍ അതിന് കഴിയാതാവുകയും ചെയ്ത ദിവസം അന്ന് വീട്ടില്‍ സന്ധ്യാ ദീപം കൊളുത്താന്‍ ശ്രമിക്കുന്ന കൃഷ്ണയോട് അപ്പുമാഷ്പറയുന്ന ചിലകാര്യങ്ങളുണ്ട്. അതാവാം ബ്രാഹ്മിണ്‍ മൊഹല്ലയെന്ന നോവലിന്റെ ആകെത്തുകയായി നോവലിസ്റ്റ് വായനക്കാര്‍ക്ക് പകുത്ത് നല്‍കുന്നത്.
'മോളേ ഇന്ന് സന്ധ്യാദീപം തെളിയിക്കേണ്ട. അതെന്താ അപ്പുമാമാ? അയല്‍ക്കാരന്റെ വേദന നമ്മുടെകൂടി വേദനയല്ലേ? അവരുടെ ആരാധനാലയം നമ്മുടേയും ആരാധനാലയമല്ലേ? അതോണ്ട് മോളിന്ന് വിളക്കുവെക്കണ്ട. ഇവിടെ മാത്രം വിളക്കു വച്ചാല്‍ നാട് ഐശ്വര്യ പൂര്‍ണമാവില്ല. കെട്ട കാലത്തിന്റെ ഇരുട്ടില്‍ അവര്‍ക്കൊപ്പം നമ്മളും വേദനിക്കണം.' ഇത്തരം അപ്പുമാഷുമാരുടെ വര്‍ഗം അന്യം നിന്നുപോകുന്നതിന്റെ തീരാനഷ്ടം നോവലില്‍ പ്രത്യക്ഷപ്പെടുന്നത് ഈ നോവലിന്റെ രാഷ്ട്രീയമാനത്തെ കൂടുതല്‍ പ്രോജ്ജ്വലമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."