വീര കുമാരസ്മരണകള്‍
1944 ജൂലൈ ഏഴിന് രാവിലെ അഞ്ചര മണിക്ക് മദ്രാസ് സെന്‍ട്രല്‍ ജയിലിലെ തൂക്കു മരത്തിലാണ് കുമാരന്‍ നായര്‍ വീരമൃത്യു വരിച്ചത്. മരണാനന്തരം ഫഹീദെ ഹിന്ദ് (ഭാരത രക്തസാക്ഷി) എന്ന ബഹുമതിനാമം നേതാജി സുഭാഷ് ചന്ദ്രബോസാണ് കുമാരന്‍ നായര്‍ക്ക് നല്‍കിയത്.
1930ല്‍ കോഴിക്കോട് നഗരത്തിനോട് ചേര്‍ന്ന നെല്ലിക്കോട്ട് തെക്കുമ്പലത്ത് പറമ്പിലാണ് ടി.പി. കുമാരന്‍ നായര്‍ ജനിച്ചത്. വിദ്യാഭ്യാസശേഷം മദ്രാസ് റിസര്‍വ് പൊലിസില്‍ ജമേദാറായി 23-ാമത്തെ വയസില്‍ അദ്ദേഹം ചേര്‍ന്നു. ജോലിക്കിടെ നടന്ന ഒരു സംഭവം കുമാരന്‍ നായരുടെ ജീവിതത്തില്‍ വഴിത്തിരിവായി. സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളായിരുന്ന ഭഗത്‌സിങ്, രാജഗുരു, സുഖദേവ് എന്നിവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യദ്രോഹം ചുമത്തി തൂക്കിലേറ്റി. ഇത് ജനങ്ങളില്‍ പ്രതിഷേധമുണ്ടാക്കി. അവര്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. മദ്രാസിലും പ്രതിഷേധം അരങ്ങേറി. അവിടെ എം.എസ്.പിയിലായിരുന്ന കുമാരന്‍ നായരോട് പ്രതിഷേധക്കാരെ ലാത്തിചാര്‍ജ്ജ് ചെയ്ത് അടിച്ചൊതുക്കുവാന്‍ അധികൃതര്‍ കല്‍പിച്ചു. നിരായുധരായ നിരപരാധികളെ ലാത്തിചാര്‍ജ്ജ് ചെയ്ത് ഒതുക്കാന്‍ എനിക്ക് വയ്യെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച് കുമാരന്‍ നായര്‍ നാട്ടിലേക്ക് പോന്നു. സ്വാതന്ത്ര്യബോധത്തിന്റെ ആഗ്നേയാസ്ത്രം ബ്രിട്ടനെതിരെ തൊടുത്തുവിട്ട അദ്ദേഹം കോഴിക്കോട്ടെത്തി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയും ഗാന്ധിയന്‍ പരിപാടികളില്‍ ആകൃഷ്ടനായി കര്‍മരംഗത്തിറങ്ങുകയും ചെയ്തു.
ആ കറുത്ത പ്രഭാതം
നാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടയില്‍ ഒരു ബന്ധുവിന്റെ ക്ഷണപ്രകാരം കുമാരന്‍ നായര്‍ സിങ്കപ്പൂരിലേക്ക് പോയി. അവിടെ ചെറിയ ബിസിനസില്‍ സഹായിച്ച് കൊണ്ടിരിക്കവേ ജനറല്‍ മോഹന്‍സിങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ) രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യ ബാച്ചില്‍ കുമാരന്‍ നായരും ചേര്‍ന്നു. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തി സ്വാതന്ത്ര്യസമരത്തെ സഹായിക്കുവാന്‍ ഐ.എന്‍.എ ഭടന്മാര്‍ ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് ഇന്ത്യയിലേക്ക് യാത്രതിരിച്ചു. അവരുടെ മേലന്വേഷണത്തിന് കുമാരന്‍ നായരും കരമാര്‍ഗ്ഗത്തില്‍ സിങ്കപ്പൂരില്‍ നിന്നു നാട്ടിലേക്ക് പോന്നു. ബര്‍മ്മ വഴി ഇന്ത്യയിലേക്ക് കടക്കുവാനായിരുന്നു പരിപാടി. ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോള്‍ ചിന്‍ഹില്ലില്‍ വച്ച് അതിര്‍ത്തിരക്ഷാസേന കുമാരന്‍ നായര്‍ക്ക് നേരെ വെടിവച്ചു. കാലിന് പരുക്കേറ്റ അദ്ദേഹം സൈന്യത്തിന്റെ പിടിയിലായി. പിന്നീട് രാജ്യദ്രോഹകുറ്റം ചുമത്തി തടവിലാക്കി. ഡല്‍ഹിയില്‍ നിന്നു രഹസ്യമായി വിചാരണക്കായി മദ്രാസില്‍ കൊണ്ടുവന്നു. വിചാരണയും കോടതി നടപടികളും പെട്ടെന്ന് തീര്‍ത്ത് അദ്ദേഹത്തെ തൂക്കി കൊല്ലാന്‍ വിധിച്ചു. രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുന:പരിശോധനാ ഹരജി പരിഗണനക്കെടുത്തു. ഒപ്പം കുടുംബത്തിന്റെ ദയാഹരജിയും ഉണ്ടായിരുന്നു. പക്ഷേ ഇതെല്ലാം കോടതി തള്ളിക്കളയുകയും ശിക്ഷ നടപ്പിലാക്കാന്‍ കല്‍പിക്കുകയുമാണുണ്ടായത്. 1944 ജൂലായ് ഏഴിന്റെ പ്രഭാതം കറുത്ത പ്രഭാതമായിരുന്നു. കുമാരന്‍നായരെ തൂക്കി കൊല്ലാന്‍ സെന്‍ട്രല്‍ ജയിലില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയ പ്രഭാതം.
തൂക്കു കയറിനു മുന്‍പില്‍ നിന്നൊരു കത്ത്
മരണം കണ്‍മുമ്പില്‍ കാണുമ്പോഴും ടി.പി കുമാരന്‍ നായര്‍ അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മരണത്തിന്റെ തലേനാള്‍ അദ്ദേഹം തന്റെ പ്രിയപത്‌നി മാളുവിന് ജയിലില്‍ നിന്നും ഒരു കത്തയച്ചു. വളരെ വികാരപരമായി എഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നു.
മൈ ഡിയര്‍ മാളു,
മനുഷ്യന്‍ ഒന്നാഗ്രഹിക്കുന്നു. ദൈവം മറിച്ചൊന്ന് വരുത്തുന്നു. എല്ലാം മുജ്ജന്മകര്‍മ്മഫലം പോലെ കലാശിക്കുന്നു. ഇങ്ങനെ യാദൃച്ഛികമായി വന്നു ചേര്‍ന്നതിനെ പറ്റി വ്യസനിക്കരുത്.
ഈ ലോകത്തില്‍ വച്ച് നമുക്കിനി കാണാന്‍ യോഗമില്ല. ഞാന്‍ വെള്ളിയാഴ്ച രാവിലെ അഞ്ചര മണിക്ക് പരലോകത്തേക്ക് യാത്രയാകുന്നു. ഇങ്ങനെ നിനക്ക് വേണ്ടി യാതൊരു സൗകര്യവും ചെയ്തു വയ്ക്കാതെ പോവുന്നതില്‍ എനിക്ക് വളരെയധികം വ്യസനമുണ്ട്. ഞാന്‍ നിന്നെ പൂര്‍ണമായി സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹം പൂര്‍ണമായി വെളിപ്പെടുത്താന്‍ കൂടി കഴിയാത്തത് എന്റെ യോഗം. എന്റെ വീട്ടുകാരെ നിന്റെ വീട്ടുകാരെ പോലെ കരുതുക. അവര്‍ നിന്നെ സ്‌നേഹിക്കാതിരിക്കില്ല.
ദൈവം നിന്നെ കാത്ത് രക്ഷിക്കട്ടെ.
എന്ന്,
സ്വന്തം ടി.പി.കെ
ഈ കത്ത് മാളു അമ്മക്ക് കിട്ടും മുന്‍പ് കുമാരന്‍ നായര്‍ തൂക്കിലേറ്റപ്പെട്ടിരുന്നു. മരണം വരെ മാളു അമ്മ ഈ കത്ത് ഒരു നിധിപോലെ സൂക്ഷിച്ചു. വധശിക്ഷ കഴിഞ്ഞിട്ടും അധികൃതര്‍ ഇത് രണ്ടുമാസം മറച്ചുവച്ചു. ഭൗതിക ശരീരം പോലും കുടുംബത്തിന് വിട്ട് കൊടുത്തില്ല. പക്ഷേ ശവക്കല്ലറയില്‍ തൊട്ടടുത്ത് 41 ദിവസങ്ങളില്‍ ഒരു വിളക്ക് തെളിയുമായിരുന്നത്രെ. മറ്റാരുമല്ല, ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു ഇത് ചെയ്തിരുന്നത് എന്ന് പിന്നീട് വെളിപ്പെട്ടു.
ഇന്ന് കുമാരന്‍ നായരുടെ വീരസ്മരണ മങ്ങി മാഞ്ഞു കൊണ്ടിരിക്കുകയാണ്. പുതിയ തലമുറക്ക് അദ്ദേഹം അജ്ഞാതനാണ്. ഇദ്ദേഹത്തെ പോലുള്ള രക്തസാക്ഷികളോട് നാട് കൂടുതല്‍ നന്ദി കാണിക്കേണ്ടതുണ്ട്. 1949ല്‍ കുമാരന്‍ നായര്‍ക്ക് യുക്തമായ ഒരു സ്മാരകം പണിയാന്‍ കോഴിക്കോട് നെല്ലിക്കോട് ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. അക്കാലത്ത് മാതൃഭൂമി പത്രം എഴുതിയ മുഖപ്രസംഗം ഇന്നും പ്രസക്തമാണ്.
'മാതൃരാജ്യത്തിന്റെ അടിമത്വം അകറ്റാന്‍ പലവിധ ത്യാഗങ്ങളും യാതനകളും സഹിച്ചവര്‍ ഇന്ന് നമ്മുടെ ഇടയില്‍ ധാരാളം പേര്‍ ഉണ്ട്. ഏതാണ്ട് അരനൂറ്റാണ്ടോളം നീണ്ടുനിന്ന അവരുടെ വീരകൃത്യങ്ങളുടെ സ്മരണ ഏതൊരു ഇന്ത്യക്കാരനിലും അഭിമാനം ഉളവാക്കാതിരിക്കില്ല. ഈ വീരയോദ്ധാക്കളില്‍ ഒരാളാണ് ടി.പി കുമാരന്‍ നായര്‍. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം സസന്തോഷം തൂക്കുമരമേറിയ ചരിത്രം ഏതൊരു ദേശാഭിമാനിയേയും പുളകം കൊള്ളിക്കുന്നതാണ്. അദ്ദേഹത്തിന്റെ പാവനസ്മരണ ഏതൊരു ഇന്ത്യക്കാരനേയും ആവേശം കൊള്ളിക്കും. അത് നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന്റെ സ്വദേശമായ നെല്ലിക്കോട് ഒരു സേവനകേന്ദ്രം സ്ഥാപിക്കുവാന്‍ കോഴിക്കോട്ടെയും അയല്‍ പ്രദേശത്തെയും പൗരന്മാര്‍ ഒരുങ്ങിക്കാണുന്നതില്‍ ഞങ്ങളും സന്തോഷിക്കുന്നു.' പക്ഷേ ഖേദകരം എന്ന് പറയട്ടെ ഈ സ്മാരകം നിലവില്‍ വന്നില്ല.
കുമാരന്‍നായര്‍ ജീവത്യാഗം ചെയ്തത് തന്റെ മാതൃരാജ്യത്തിന് വേണ്ടിയാണ്. സ്വാതന്ത്ര്യത്തിന്റെ ബലി പീഡത്തില്‍ രക്തസാക്ഷികളായവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇന്ന് ജീവിക്കുന്ന നമുക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട്? അത്മപരിശോധനയ്ക്ക് വിടേണ്ട ചോദ്യമത്രെ ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."