17 അഡീഷനല്‍ എസ്.പി തസ്തികകള്‍ക്ക് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന ചുമതല ഏകോപിപ്പിക്കാന്‍ 17 അഡീഷണല്‍ എസ്.പി തസ്തികയ്ക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
നിലവിലുള്ള 17 ഡിവൈ.എസ്.പി(ഭരണ വിഭാഗം) തസ്തികകള്‍ അഡീഷണല്‍ എസ്.പി എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യും. ഏറ്റവും സീനിയറായ ഹയര്‍ഗ്രേഡ് ഡിവൈ.എസ്.പിമാര്‍ക്കാണ് അഡീഷണല്‍ എസ്.പി തസ്തിക നല്‍കുക. എന്നാല്‍ അഡീഷണല്‍ എസ്.പി പ്രൊമോഷന്‍ തസ്തികയായിരിക്കില്ല. അഡീഷണല്‍ എസ്.പിമാരുടെ പുതിയ തസ്തിക സൃഷ്ടിക്കാനായിരുന്നു ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന മന്ത്രിസഭയുടെ തീരുമാനത്തെ തുടര്‍ന്നാണ് പുനര്‍ നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. കൂടാതെ സംസ്ഥാനത്തെ ബാക്കിയുള്ള 268 പൊലിസ് സ്റ്റേഷനുകളില്‍ കൂടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്.എച്ച്.ഒ)മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. 196 പൊലിസ് സ്റ്റേഷനുകളില്‍ ഇതിനകം തന്നെ എസ്.എച്ച്.ഒമാരായി സര്‍ക്കിള്‍ ഇന്‍സ്‌പെട്കര്‍മാരെ നിയമിച്ചിട്ടുണ്ട്. പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ.മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെട്കര്‍മാര്‍ നിയമിതരാകും.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ എസ്.എച്ച്.ഒമാരായി നിയമിച്ചുകൊണ്ടുള്ള പരിഷ്‌കാരം സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കുറ്റന്വേഷണത്തിലും സ്റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ എസ്.എച്ച്.ഒമാരയി നിയമിക്കുന്നത്. പൊലിസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ചുമതല എടുക്കുന്നതുവരെ നിലവിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള എസ്.എച്ച്.ഒ തസ്തിക തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."