HOME
DETAILS

മാലാഖമാരുടെ മനുഷ്യാവകാശങ്ങള്‍

  
backup
September 27 2018 | 18:09 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റും തുടര്‍ന്ന് ജയില്‍വാസവും യാഥാര്‍ഥ്യമായെങ്കിലും അദ്ദേഹത്തിനെതിരേ കത്തിപ്പടരുന്ന പ്രതിഷേധം വിവിധ ക്രൈസ്തവ സഭകളെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഫ്രാങ്കോയുടെ അറസ്റ്റോടുകൂടി സഭക്കുണ്ടായ മാനക്കേട് എങ്ങിനെ ഇല്ലാതാക്കാമെന്ന ചിന്തയേക്കാള്‍, നീതിക്കുവേണ്ടി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സഭാ വിശ്വാസികള്‍ക്കും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഭീഷണിയും അച്ചടക്ക നടപടികളുമായി സഭാനേതൃത്വം മുന്നോട്ടുപോകുന്ന കാഴ്ചയാണ് സാംസ്‌കാരിക കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 

എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടങ്ങിവച്ച സമരം വളര്‍ന്ന് ശക്തമായ ജനകീയസമരമായി മാറിയതോടെ വിറളിപിടിച്ച സഭാ നേതൃത്വം തങ്ങളുടെ എല്ലാവിധ സ്വാധീനവും ഉപയോഗിച്ച് രഹസ്യമായി വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്തിരുന്നു. എന്നിട്ടും ഒട്ടേറെ പ്രമുഖരാണ് സമരത്തില്‍ പങ്കെടുത്തത്. സമരത്തില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്ന് വിലക്കിക്കൊണ്ടാണ് മാനന്തവാടി രൂപത പ്രതികാര നടപടിക്ക് തുടക്കമിട്ടത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററെ വിലക്കിയത്.
അതേസമയം ഒരുദിവസം രാവിലെ വേദപഠന ക്ലാസില്‍ പഠിപ്പിക്കാനെത്തിയപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തിയ വിവരം അറിഞ്ഞതെന്ന് സിസ്റ്റര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സംഭവം വിവാദമായതോടെ വിശ്വാസികളുടെ ആവശ്യം മദര്‍ സുപ്പീരിയര്‍ വഴി അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കാരക്കാമല ഇടവക വികാരി വാര്‍ത്താക്കുറിപ്പ് ഇറക്കി തടിയൂരി. ഇത് സഭക്കുള്ളില്‍ ഉരുണ്ടുകൂടിയിട്ടുള്ള ആശങ്കകളാണ് വെളിവാക്കുന്നത്. സഭ പ്രതികാര നടപടി തുടങ്ങിയെന്നതിന്റെ ആദ്യ സൂചനയാണ് കണ്ടുതുടങ്ങിയിട്ടുള്ളത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വൈദികരെ അരമനയില്‍ നിന്ന് ആശയവിനിമയം നടത്തി തുടക്കത്തില്‍ തന്നെ പിന്തിരിപ്പിക്കാന്‍ സഭക്ക് സാധിച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. എറണാകുളത്ത് നടന്ന രാഷ്ട്രീയ സമരത്തില്‍ എന്തിനാണ് പങ്കെടുത്തതെന്ന് പുരോഹിതന്‍ ചോദിച്ചതായാണ് സിസ്റ്റര്‍ എമിനയുടെ വെളിപ്പെടുത്തല്‍. യാക്കോബായ സഭയും പ്രതികാര നടപടിയുടെ ഭാഗമായി മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയുണ്ടായി. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി കോട്ടയത്ത് ഇസ്‌കഫ്, യുവകലാസാഹിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ സദസില്‍ റമ്പാന്‍ സഭക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പത്തു ലക്ഷത്തോളം ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഈ പ്രസംഗം ഇതിനകം കേട്ടിട്ടുള്ളതെന്നാണ് കണക്കാക്കുന്നത്.
ഇതുകൂടി കണക്കിലെടുത്താണ് കത്തോലിക്കാ സഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടപടി. സഭാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് നടപടിയെടുത്തത്. റമ്പാന്മാര്‍ ദയറകളില്‍ പ്രാര്‍ഥിച്ചു കഴിയേണ്ടവരാണെന്നാണ് സഭയുടെ നിലപാട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി തിരുവസ്ത്രമണിഞ്ഞു തെരുവില്‍ സഭക്കും ബിഷപ്പിനുമെതിരേ സമര രംഗത്ത് പതിനഞ്ചു ദിവസത്തോളം ഉറച്ചു നിന്ന സിസ്റ്റര്‍മാരായ അനുപമ, ജോസഫീന്‍, ആല്‍ഫി , നീന, ആന്‍സിറ്റ എന്നിവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കഴിയുന്നതെന്ന വിവരം ഒട്ടും നിസാരമായി കാണേണ്ടതല്ല.
ദൈവത്തിന്റെ മാലാഖമാരാകുന്നതിനായി ഭൗതിക ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും സുഖ, സന്തോഷങ്ങളും ത്യജിച്ചവരാണ് കന്യാസ്ത്രീകള്‍. ക്രിസ്ത്യാനിറ്റിയുടെ കാവലാളുകളെന്ന് വിശ്വാസി സമൂഹം കരുതിയ കള്ളനാണയങ്ങള്‍ക്കെതിരേയാണ് കന്യാസ്ത്രീകള്‍ സമരം ചെയ്തത്. ക്രിസ്തുവിനെ മറന്ന് സുഖലോലുപതയില്‍ നീരാടിക്കഴിഞ്ഞ ദൈവനിഷേധിക്കെതിരേയാണ് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത്. നീതിക്കുവേണ്ടിയാണ് സമരം നടത്തിയെതെങ്കിലും പ്രതികാര നടപടികള്‍ ഉണ്ടാവുമെന്ന് തന്നെയാണ് ഇവര്‍ പ്രതീക്ഷിക്കുന്നതും ഭയക്കുന്നതും.
കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു ആശ്രമ ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഒരു വൈദികന്‍ പറഞ്ഞതിങ്ങനെയാണ് ' കിടപ്പുമുറിയില്‍ എലി ചത്തു ചീഞ്ഞുനാറിയാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ചന്ദനത്തിരി കത്തിച്ചുവയ്ക്കുകയല്ല വേണ്ടത്. ചീഞ്ഞു നാറിയതിനെ തൂത്തുവാരി ദൂരേക്ക് വലിച്ചെറിയുകയാണ് ചെയ്യേണ്ടതെന്നാണ് '. അവസരോചിതമായ പുരോഹിതന്റെ വാക്കുകള്‍ സഭക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ സൂചനയാണെന്ന് വ്യക്തം.
ഇത്തരത്തില്‍ സഭക്കുള്ളില്‍ പുരോഹിതരിലും കന്യാസ്ത്രീകളിലും വിശ്വാസികളിലും വ്യാപകമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുണ്ടെന്നത് സഭകളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കൂടുതല്‍ കഥകള്‍ ഇനി പുറത്തേക്ക് വരാതിരിക്കണമെങ്കില്‍ അച്ചടക്ക നടപടിയുടെ വാളോങ്ങി നില്‍ക്കണമെന്ന ചിന്തയാണ് ഇവരെ ഇത്തരത്തില്‍ നയിക്കുന്നത്. മതാധ്യക്ഷന്മാര്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം കടന്നിട്ടില്ലാത്ത കന്യാസ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ സഭാ നേതൃത്വം കുലുങ്ങിയിരിക്കുന്നു.
രാഷ്ട്രീയ പിന്തുണയോടെ എല്ലാ പ്രതിസന്ധികളിലും കരകയറിയിരുന്ന സഭാ നേതൃത്വം ഈ സന്നിഗ്ധാവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. കന്യാസ്ത്രീകള്‍ പ്രത്യക്ഷമായി സമരത്തിന് ഇറങ്ങുമെന്നോ, സമരത്തിന് അഭൂതപൂര്‍വ്വമായ ജനപിന്തുണ ലഭിക്കുമെന്നോ അവര്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. നേരിട്ട് സമരത്തിനു പിന്തുണ പ്രഖ്യാപിക്കാന്‍ എത്താന്‍ സാധിക്കാത്തവര്‍ സോഷ്യല്‍ മീഡിയ വഴി വന്‍ കാംപയിനാണ് നടത്തി വന്നത്.
കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇത്രയും വലിയ മാധ്യമ വിചാരണ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. മത നേതാക്കള്‍ക്ക് ജനങ്ങള്‍ നല്‍കിയിരുന്ന വിശ്വാസ്യത ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കടന്നിരിക്കുന്നു. അധികാരത്തിന്റെ ദാര്‍ഷ്ട്യവും അഹന്തയും വിശ്വാസികള്‍ ചോദ്യം ചെയ്തു തുടങ്ങി.
സന്യസ്ത മേഖലയിലേക്കുള്ള പുതു തലമുറയുടെ കടന്നുവരവ് തന്നെ കുറഞ്ഞിരിക്കുമ്പോഴുള്ള പുതിയ സ്ഥിതിവിശേഷം സഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമോയെന്ന ആശങ്ക മതാധികാരികള്‍ക്കുണ്ട്. രാജാവെന്ന് സ്വയം കരുതിയിരുന്നവരെയൊക്കെ പ്രജകള്‍ പൊങ്കാലയിടുന്നത് ഹൃദയവേദനയോടെയാണ് അവര്‍ നോക്കിക്കാണുന്നത്. കാല്‍ക്കീഴില്‍ ഒതുക്കിയിരുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയിട്ടും അവസാനത്തെ അടവും പയറ്റാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ സംരക്ഷകര്‍. സ്വപ്ന സാമ്രാജ്യങ്ങള്‍ ഫ്രാങ്കോ കാരണം ചീട്ടുകൊട്ടാരം പോലെ തകരുമോയെന്ന ആശങ്കയും ഇവര്‍ പങ്കു വയ്ക്കുന്നു.
സഭയില്‍ ഉണ്ടായിരിക്കുന്ന മൂല്യത്തകര്‍ച്ചയില്‍ വിശ്വാസികള്‍ തികച്ചും ദു:ഖിതരാണ്. പരിപാവനമായി കരുതുന്ന ജീവിതാന്തസുകളില്‍ കഴിയുന്നവര്‍ നല്‍കുന്ന മാതൃക സമൂഹത്തില്‍ പരിഹസിക്കപ്പെടുന്ന രീതിയില്‍ എത്തിയിരിക്കുന്നു. ഇതിനിടെ സമരം നടത്താന്‍ കന്യാസ്ത്രീകള്‍ക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മിഷനറീസ് ജീസസ് രംഗത്തെത്തിയിരിക്കുന്നു. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ആവശ്യം. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന സഹനപുത്രിമാരെ കേസില്‍ കുടുക്കി മാനസികമായി തകര്‍ക്കാനുള്ള ഗൂഢാലോചന തുടങ്ങിയതായി വേണം ഇതിനെ വിലയിരുത്താന്‍. എന്നാല്‍ കന്യാസ്ത്രീകള്‍ക്കെതിരായ ഓരോ നീക്കവും അവര്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുകയാണ്. ഒരു സഭയിലെ കന്യാസ്ത്രീകളെ മേലധ്യക്ഷന്‍ പീഡിപ്പിച്ചു എന്നതിലുപരി സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് സ്ത്രീ സമൂഹത്തിന്റെ ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശക്തി പകരുന്ന നീക്കങ്ങള്‍ക്ക് ഇത് തുടക്കമിടും. ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള സമരമായി ഇതിനെ വ്യാഖ്യാനിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ സമരത്തിന് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന പിന്തുണ കന്യാസ്ത്രീകള്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കാന്‍ അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സമ്മര്‍ദമായി രൂപപ്പെട്ടിരിക്കുകയാണ്.
പരാതിക്കാരിയായ കന്യാസ്ത്രീക്ക് പരാതി പിന്‍വലിക്കാന്‍ ഭൂമിയും തുകയും വാഗ്ദാനം ചെയ്തതും സഭയുടെ ഇപ്പോഴത്തെ ജീര്‍ണത വിളിച്ചോതുന്നുണ്ട്. പെണ്ണിന്റെ മാനത്തിന് വില കല്‍പ്പിച്ചത് രാഷ്ട്രീയനേതാക്കളോ, കള്ളക്കടത്ത് സംഘത്തലവനോ അല്ല. മറിച്ച് ദൈവത്തിന്റെയും വിശ്വാസികളുടെയും ഇടയില്‍ മധ്യസ്ഥത വഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവരാണെന്നത് ദൈവമാര്‍ഗത്തില്‍ മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളെ കൂടുതല്‍ പ്രയാസത്തിലാക്കുന്നു.
സിസ്റ്ററിന് കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവുമാണ് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. കൂടാതെ ആവശ്യപ്പെടുന്നിടത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു. ജലന്ധര്‍ രൂപത നേരിട്ടാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തെ തുടര്‍ന്ന് രൂപതയ്ക്കു കീഴിലുള്ള 18 കന്യാസ്ത്രീകള്‍ ശിരോവസ്ത്രം ഉപേക്ഷിച്ചതായ വെളിപ്പെടുത്തലും ഞെട്ടലോടെയല്ലാതെ കേള്‍ക്കാനാകുന്നില്ല. കന്യാസ്ത്രീകള്‍ സഭാനേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നൂറില്‍താഴെ അംഗങ്ങള്‍ മാത്രമുള്ള രൂപതയിലെ അഞ്ച് മഠങ്ങള്‍ പൂട്ടുന്നതിലേക്കു വരെ കാര്യങ്ങള്‍ പുരോഗമിക്കുന്നു.
വീട്ടുകാരോടും ബന്ധുജനങ്ങളോടും യാത്രപറഞ്ഞ് ദൈവ മാര്‍ഗത്തില്‍ ജീവിക്കാനായി വരുന്ന മാലാഖമാരെ തങ്ങളുടെ കാമവെറി തീര്‍ക്കാനുള്ള ഉപകരണമായി കാണുന്നവര്‍ക്ക് ഇരയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നതെങ്ങിനെ. വിശ്വാസികള്‍ നെഞ്ചുതകര്‍ന്ന് വിലപിക്കുന്നതിങ്ങനെയാണ്. 'ക്രിസ്തുവിനെ ജൂതാസ് മാത്രമല്ല ഒറ്റുകൊടുത്തത്.
ക്രിസ്തുവിന്റെ ദാസന്‍മാരെന്നും തിരുവചന പ്രചാരകരെന്നും പ്രഖ്യാപിച്ച്, ക്രിസ്തുവിന്റെ വാക്കുകളെ കാറ്റില്‍പറത്തി സുഖലോലുപരായി വിശ്വാസത്തേയും വിശ്വാസികളേയും വഞ്ചിച്ച് തടിച്ചുകൊഴുത്ത് ജീവിച്ച ഫ്രാങ്കോമാരും ക്രിസ്തുവിനെ ഒറ്റുകൊടുത്തവരില്‍ പെടുന്നു' എന്നാണത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  13 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  13 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  13 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  13 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  13 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  13 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  13 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  13 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  13 days ago