പ്ലസ്‌വണ്‍ അപേക്ഷ നാലര ലക്ഷം കവിഞ്ഞു
മലപ്പുറം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തിയതി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അപേക്ഷകരുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 4,58,712 പേരാണ് അപേക്ഷ നല്‍കിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 2,94,948 മെറിറ്റ് സീറ്റുകളാണുള്ളത്.
മെയ് 22ന് പൂര്‍ത്തിയാക്കാനിരുന്ന ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ദീര്‍ഘിപ്പിച്ചത്. സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലം പുറത്തുവരാത്തതിനാലാണ് തിയതി ദീര്‍ഘിപ്പിച്ചത്. സി.ബി.എസ്.ഇ. ഫലം പുറത്തുവരുന്നതോടെ അപേക്ഷകരുടെ എണ്ണം ഇനിയും കൂടും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ 5,18,410 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ സി.ബി.എസ്.ഇ. വിദ്യാര്‍ഥികളുടെ 49,029ഉം ഐ.സി.എസ്.ഇ വിഭാഗത്തിലെ 3,700ഉം അപേക്ഷകള്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സിലബസില്‍ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ 4,53,582 വിദ്യാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം അപേക്ഷകരായത്. ഇതിലധികം അപേക്ഷകളാണ് ഇന്നലെ വരെ ലഭിച്ചത്.
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ 4,55,221 എണ്ണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകരുള്ളത്. ഇന്നലെ വരെ 78,019 പേര്‍ ഇവിടെ അപേക്ഷ നല്‍കി. 76,985 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. ജയിച്ച മലപ്പുറത്ത് പ്ലസ്‌വണ്‍ പ്രവേശനത്തിന് ഇതിനേക്കാള്‍ അപേക്ഷകരുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളില്‍ മലപ്പുറത്തിനുണ്ടായ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളില്‍നിന്നുള്ള അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമാണ് ഉപരിപഠന യോഗ്യത നേടിയ വിദ്യാര്‍ഥികളേക്കാള്‍ അപേക്ഷ ലഭിച്ചിട്ടുള്ളത്. മലപ്പുറത്തേക്ക് മറ്റുജില്ലക്കാര്‍കൂടി അപേക്ഷകരായെത്തുന്നത് മലപ്പുറത്തെ പ്ലസ്‌വണ്‍ സീറ്റ്ക്ഷാമം രൂക്ഷമാക്കും. കോഴിക്കോട്- 45,936, പാലക്കാട്- 43,787, തൃശൂര്‍- 39,462, തിരുവനന്തപുരം- 37,227, കൊല്ലം- 34,138, പത്തനംതിട്ട- 15,320, ആലപ്പുഴ- 26,895, കോട്ടയം- 23,988, ഇടുക്കി- 13,917, എറണാകുളം- 36,664, വയനാട്- 11,383, കണ്ണൂര്‍- 34,350, കാസര്‍കോട്- 17,626 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."