അധികൃതരുടെ അനാസ്ഥ: കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമായത് 125 കോടി
തിരുവനന്തപുരം: അധികൃതരുടെ അനാസ്ഥകാരണം കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമായത് 125 കോടിയെന്ന് സി.എ.ജി കണ്ടെത്തല്‍.
പിന്‍വലിച്ച ബസുകള്‍ക്കുപകരം പുതിയത് ഇറക്കാതിരുന്നതിനാല്‍ 103.59 കോടിയുടെ വരുമാന നഷ്ടമുണ്ടായി. 2011 മുതല്‍ 2016 വരെ 1,951 പഴയ ബസുകള്‍ കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചിരുന്നു. ഇതിന്റെ സ്ഥാനത്ത് 1,845 ബസുകള്‍ മാത്രമാണ് പുറത്തിറക്കിയത്. 106 ബസുകള്‍ നിരത്തിലിറക്കിയില്ല. ഷാസികള്‍ വാങ്ങുന്നതിലും നിര്‍മാണം പൂര്‍ത്തിയായ ബസുകള്‍ ഡിപ്പോകളിലേക്ക് അയക്കുന്നതിലുമുണ്ടായ കാലതാമസമാണ് ഇതിന് കാരണം. ഇത് ഷെഡ്യൂളുകളെ ബാധിച്ചു. ജീവനക്കാരില്ലാത്തതിനാല്‍ 15 ബസുകള്‍ ഓടിക്കാനായത് ഒരുമാസം വരെ വൈകിയാണ്. ഇതും വരുമാന നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സും റജിസ്‌ട്രേഷനും ഫിറ്റ്‌നസും ലഭ്യമായാലേ ബോഡി നിര്‍മാണം പൂര്‍ത്തിയായ ബസുകള്‍ ഡിപ്പോകളിലേക്ക് അയക്കാന്‍ കഴിയൂ. ഇത് ലഭിക്കാത്തതിനാല്‍ ഇതേ കാലയളവില്‍ നിര്‍മിച്ച 1,845 ബസുകളില്‍ 1,133 എണ്ണം ഡിപ്പോകളിലേക്ക് അയച്ചത് രണ്ടുമാസം വൈകിയാണ്. ഈ കാലതാമസം കാരണം 9,943 ബസ് ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിലൂടെ 10.12 കോടി നഷ്ടമുണ്ടായി.
സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍പ്രകാരം സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേനയാണ് ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ടത്. എന്നാല്‍, കോര്‍പറേഷന്‍ ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നാണ് ഇന്‍ഷുറന്‍സ് എടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഷുറന്‍സ് വൈകിയത് സാമ്പത്തിക പ്രതിസിന്ധിയെ തുടര്‍ന്നാണെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദമെങ്കിലും ബസുകള്‍ വാങ്ങാന്‍ നല്‍കിയ വായ്പയില്‍ ഇന്‍ഷുറന്‍സ് ചെലവും ഹഡ്‌കോ ഉള്‍ക്കൊള്ളിച്ചിരുന്നതിനാല്‍ കോര്‍പറേഷന്റെ വാദം എ.ജി തള്ളി. ബോഡി നിര്‍മാണം വൈകിയതിനാല്‍ 11.47 കോടിയുടെ നഷ്ടവുമുണ്ടായി.
ഒരു ബസിന്റെ ബോഡി നിര്‍മാണത്തിന് സാധാരണ 30 ദിവസമാണ് വേണ്ടത്. പുറത്തിറക്കിയവയില്‍ 614 ബസുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായി ഏഴുമാസം വരെ സമയമെടുത്തു. നിര്‍മാണ വസ്തുക്കള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചയാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
ബോഡി നിര്‍മാണം നടത്തേണ്ട ഷാസികള്‍ വെറുതേ കിടന്നതിനാല്‍ 2.99 കോടിയുടെ പലിശഭാരം ഉണ്ടായി. 2015-16 സാമ്പത്തിക വര്‍ഷം 43.70 കോടി രൂപക്ക് വാങ്ങിയ 397 ഷാസികള്‍ പണി തുടങ്ങാത്തതിനാല്‍ തുറന്ന സ്ഥലത്തുകിടന്ന് ഉപയോഗശൂന്യമാകുകയാണ്. പുതിയ ബസുകള്‍ വാങ്ങാനായി ഹഡ്‌കോയില്‍നിന്ന് ലഭിച്ച വായ്പാ തുക മറ്റു ചെലവുകള്‍ക്കായി കോര്‍പറേഷന്‍ വകമാറ്റി. സ്വകാര്യ ബസുകള്‍ ഓടിയിരുന്ന 214 സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ കോര്‍പറേഷന്‍ ഏറ്റെടുത്തെങ്കിലും ബസുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പല സര്‍വിസും മുടങ്ങി. ഏറ്റെടുത്ത 15 റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടമുണ്ടായത് സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വിസ് നടത്തിയതിനാലാണെന്നും ഇത് തടയാന്‍ കോര്‍പറേഷനോ ഗതാഗതവകുപ്പോ പൊലിസോ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."