ഇവരുടെ സൗഹൃദബോളില്‍ ശത്രുത ക്ലീന്‍ബൗള്‍ഡ്
ദുബൈ: അശാന്തിയുടെ വെടിയൊച്ചകള്‍ നിലയ്ക്കാത്ത രാജ്യാതിര്‍ത്തികള്‍ കടന്ന് സൗഹൃദത്തിന്റെ പുതിയ തീരമണയുകയാണ് ദുബൈയില്‍ രണ്ടുപേര്‍. ഇന്ത്യാ പാക് ബന്ധത്തിന്റെ കളങ്കമില്ലാത്ത സ്‌നേഹം ഇവരില്‍ കാണാം. പരസ്പരമുള്ള പോര്‍വിളികളില്‍ ആടിയുലയാതെ മനുഷ്യത്വത്തിന്റെ മാതൃകാ വഴിയെയാണ് ഇവരുടെ സഞ്ചാരം.
ഇന്ത്യയുടെയും പാകിസ്താന്റെയും മത്സരം ഒരുമിച്ചിരുന്ന് ആസ്വദിക്കുന്ന രണ്ട് ഫാന്‍സുകാരുടെ അതിര്‍ത്തിയില്ലാത്ത കഥയാണിത്. ഏഷ്യാകപ്പ് ക്രിക്കറ്റ് നടക്കുന്ന ദുബൈയില്‍ നിന്നാണ് അതിര്‍ത്തികളില്ലാത്തൊരു ഇന്ത്യാ പാകിസ്താന്‍ വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ട്രാവലിങ് ഫാനായ സുധീര്‍ കുമാറും പാകിസ്താന്‍ ക്രിക്കറ്റിന്റെ ഫാനായ പാകിസ്താന്‍ സ്വദേശി മുഹമ്മദ് ബശീറും താമസിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിലെ ഒരേ മുറിയില്‍. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല അതിര്‍വരമ്പില്ലാത്ത സൗഹൃദത്തിന്റെ കഥ. 37 വയസുകാരനായ സുധീര്‍ കുമാര്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും പോകുന്നയാളാണ്.
ടീമിലുണ്ടായിരുന്ന കാലത്ത് സച്ചിനായിരുന്നു സുധീര്‍ കുമാറിന്റെ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത്. യാത്രക്ക് പണമില്ലാത്തത് കാരണം ദുബൈയിലുള്ള ഏഷ്യാകപ്പ് ക്രിക്കറ്റ് മുടങ്ങുമോ എന്നായിരുന്നു സുധീര്‍ കുമാറിന് പേടി. എന്നാല്‍ ഉടന്‍ അതിര്‍ത്തി കടന്ന് ബഷീറിന്റെ വിളിയെത്തി. എന്താണ് ദുബൈയിലേക്ക് വരാത്തതെന്ന് അന്വേഷിച്ചായിരുന്നു ബഷീറിന്റെ വിളി. സാമ്പത്തിക പ്രശ്‌നം കാരണമാണ് ദുബൈയിലേക്ക് വരാന്‍ കഴിയാത്തതെന്ന് പറഞ്ഞതോടെ എല്ലാ ചെലവുകളും പാകിസ്താന്‍ സ്വദേശി ബഷീര്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞാണ് സുധീറിനെ ദുബൈയിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചെത്തിയ സുധീറും ബഷീറും ഒരേ റൂമില്‍ അന്തിയുറങ്ങുന്നു. ഇന്ത്യയും പാകിസ്താനും ഏഷ്യാകപ്പില്‍ രണ്ട് പ്രാവശ്യം മത്സരിച്ചപ്പോള്‍ ഇരുവരും ഒരുമിച്ചിരുന്നായിരുന്നു മത്സരം വീക്ഷിച്ചത്. ഇന്ത്യാ പാകിസ്താന്‍ ഫൈനലാണ് ഇരുവരും പ്രതീക്ഷിച്ചതെങ്കിലും പാകിസ്താന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ദുഃഖത്തിലാണ് ബഷീര്‍. 2011 ശ്രീലങ്കയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റിനിടെയാണ് സുധീറും ബഷീറും കണ്ടുമുട്ടുന്നത്. പിന്നീടിങ്ങോട്ട് ഇരുവരും അതിരുകളില്ലാത്ത സ്‌ഹേമാണ് പങ്കിട്ടത്. എല്ലാ ഇന്ത്യാ പാകിസ്താന്‍ മത്സരങ്ങള്‍ക്കും ഇരുവരും മുടങ്ങാതെ എത്തിയിട്ടുണ്ടെന്ന് ബഷീറും സുധീറും ഒരേ സ്വരത്തില്‍ പറയുന്നു. സൗഹൃദത്തിന് അതിര്‍ത്തികളില്ലാ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് തന്റെ ഈ യാത്രയെന്ന് ബഷീര്‍ പറഞ്ഞു.
ബഷീറിന്റെ ഭാര്യ ഹൈദരാബാദിലെ ഡെക്കാന്‍ സ്വദേശിയാണ്. അതിനാല്‍ ഇന്ത്യയോടുള്ള ഇഷ്ടവും ബഷീറിന്റെ മനസിലുണ്ട്. ചിക്കാഗോയില്‍ ബിരിയാണിക്കട നടത്തുന്നയാളാണ് കറാച്ചി സ്വദേശിയായ മുഹമ്മദ് ബഷീര്‍. പാകിസ്താന്റെ കളി എവിടെയുണ്ടെങ്കിലും ബഷീര്‍ പറന്നെത്തിയിരിക്കും. ഒരിക്കല്‍ ഇന്ത്യന്‍ നായകനായിരുന്നു മഹേന്ദ്ര സിങ് ധോണിയാണ് ബഷീറിന് മത്സരത്തിനുള്ള ടിക്കറ്റ് നല്‍കിയത്. ഇതിന്റെ സന്തോഷം ഇന്നും ബഷീറിന്റെ മനസ് നിറയെയുണ്ട്. ക്രിക്കറ്റിനെയണ് ഞാന്‍ കല്യാണം കഴിച്ചത്.
അതില്‍ ഞാന്‍ സന്തുഷ്ടനാണ്. സഹോദരങ്ങള്‍ കല്യാണം കഴിക്കാത്തതിനെ കുറിച്ച് സ്ഥിരമായി ചോദിക്കാറുണ്ടെങ്കിലും ഞാന്‍ ക്രിക്കറ്റിനേയാണ് കല്യാണം കഴിച്ചതെന്നും എനിക്കിനി മറ്റൊരു കല്യാണം വേണ്ടായെന്നുമായിരുന്നു സുധീറിന്റെ മറുപടി. 2011ല്‍ ഇന്ത്യ ലോകകപ്പ് ചാംപ്യന്മാരായപ്പോള്‍ സുധീറിനെ ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് ക്ഷണിച്ച് ട്രോഫിയും മറ്റും നല്‍കിയിരുന്നു. ഇന്ത്യയുടെ 64 ടെസ്റ്റ് മത്സരങ്ങളും 300 ഏകദിനവും 72 ടി20 മത്സരങ്ങളും സുധീര്‍ കുമാര്‍ വിവിധയിടങ്ങളിലെത്തി നേരില്‍ കണ്ടിട്ടുണ്ട്. ഇതില്‍ 2006ല്‍ പാകിസ്താനില്‍ നടന്ന ടൂര്‍ണമെന്റാണ് തനിക്ക് മറക്കാനാവാത്തതെന്ന് സുധീര്‍ പറയുന്നു. ശരീരം മുഴുവന്‍ പെയിന്റ് ചെയ്ത് സൈക്കിളിലായിരുന്നു അന്ന് പാകിസ്താനിലെത്തിയത്. ശരീരം മുഴുവന്‍ ഛായം തേച്ചായിരുന്നു പാകിസ്താനില്‍ വേദികളില്‍നിന്ന് വേദികളിലേക്ക് പോയിരുന്നത്, സുധീര്‍ കുമാര്‍ പറഞ്ഞു നിര്‍ത്തി.
മത്സരങ്ങള്‍ക്കായി ബഷീര്‍ ഇന്ത്യയിലെത്തിയാല്‍ സുധീര്‍ ബഷീറിനെ സ്വീകരിക്കുകയും വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ട്. പുതിയ പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ വന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂട്ടുമെന്നാണ് ബഷീറിന്റെ വിലയിരുത്തല്‍. ഇംറാന്‍ ഖാന്‍ വന്നതിനാല്‍ ഇരു രാജ്യങ്ങളും വീണ്ടും സ്വന്തം രാജ്യത്ത് മത്സരിക്കുന്നത് കാണാനാകുമെന്നാണ് പ്രതീക്ഷയെന്ന് സുധീര്‍ കുമാര്‍ പറഞ്ഞു. സ്‌നേഹത്തിന് എവിടെയും മതിലുകളില്ല എന്ന് വ്യക്തമാക്കാനാണ് ഈ യാത്രയെന്ന് ഇരുവരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."