ഡേ കെയറില്‍ ഒന്നരവയസുകാരിക്ക് ക്രൂരമര്‍ദനം; നടത്തിപ്പുകാരി അറസ്റ്റില്‍
കൊച്ചി: എറണാകുളം പാലാരിവട്ടത്തെ ഡേ കെയറില്‍ ഒന്നരവയസുകാരിക്ക് ക്രൂരമര്‍ദനം. കുട്ടിയെ ഡേ കെയര്‍ ഉടമ മര്‍ദിക്കുകയും ചീത്തപറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കളാണ് പുറത്തുവിട്ടത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലിസെത്തി നടത്തിപ്പുകാരി ആലുവ ഈസ്റ്റ് ഇന്ദിരാനഗറില്‍ പുതുപറമ്പ് വീട്ടില്‍ മിനി മാത്യു (49) വിനെ അറസ്റ്റുചെയ്തു. ഇവര്‍ കുട്ടികളെ ഡേ കെയറില്‍വച്ച് അടിക്കുകയും ചീത്ത പറയുകയും ചെയ്തതായി പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനുശേഷവും താന്‍ കുട്ടിയെ മര്‍ദിച്ചില്ലെന്ന നിലപാടിലായിരുന്നു ഇവര്‍.
എട്ട് വര്‍ഷമായി പാലാരിവട്ടത്തെ പി.ജെ. ആന്റണി റോഡില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ 'കളിവീട് ' എന്ന പേരില്‍ സ്ഥാപനം നടത്തിവന്നിരുന്നത്. ആറുമാസം മുതല്‍ 3 വയസുവരെയുള്ള 22 കുട്ടികളെയാണ് ഇവര്‍ പരിപാലിച്ചിരുന്നത്. കുട്ടികള്‍ ശരീരത്തില്‍ മുറിവ് പറ്റിയ പാടുമായി വീട്ടിലെത്തുക പതിവായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അന്വേഷിക്കുമ്പോള്‍ കസേരയില്‍ തട്ടിയതാണ്, കളിക്കുമ്പോള്‍ വീണതാണ് തുടങ്ങിയ മറുപടികളാണ് നല്‍കിയിരുന്നത്. ഡേ കെയറില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷിതാക്കളുമായി കൂടുതല്‍ അടുക്കുന്നതില്‍ നിന്ന് ഇവര്‍ വിലക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ പരുക്കുമായി എത്തിയതോടെയാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ജീവനക്കാരിയുടെ സഹായത്തോടെയാണ് മിനി കുട്ടിയെ മര്‍ദിക്കുന്നതും ചീത്തപറയുന്നതുമായ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. കുട്ടികളെ കൈയില്‍ കിട്ടിയതുകൊണ്ട് തല്ലുന്നതാണ് ഇവരുടെ രീതി. കരയുന്ന കുട്ടികളെ ചീത്തപറയുക, കാല്‍പാദത്തിന്റെ അടിയില്‍ തല്ലുക ദേഹത്ത് കൈകൊണ്ടടിക്കുക തുടങ്ങിയ ക്രൂരതകളും ഇവര്‍ ചെയ്തിരുന്നു. കുട്ടികളെ മര്‍ദിക്കുന്നത് കാണാനാവാതെ നിരവധി ജീവനക്കാര്‍ സ്ഥാപനം വിട്ടുപോയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മിനിയെ റിമാന്‍ഡ് ചെയ്തു
പ്രതിഷേധമിരമ്പി; ഡേ കെയര്‍ അടച്ചുപൂട്ടി
കൊച്ചി: പിഞ്ചുകുഞ്ഞിനെ മര്‍ദിക്കുകയും ചീത്തപറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും ഡേ കെയറിനുമുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ഉടന്‍തന്നെ പൊലിസ് എത്തി നടത്തിപ്പുകാരി മിനിയെ അറസ്റ്റുചെയ്ത് നീക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയുമായിരുന്നു.
കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഡേ കെയറിലെത്തി പരിശോധന നടത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിന് വ്യക്തമായ രേഖകളൊന്നും ഇല്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്.
രേഖകളില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മേയര്‍ പറഞ്ഞു. 1500 മുതല്‍ 3500 രൂപവരെയാണ് കുട്ടികളെ നോക്കുന്നതിന് ഇവര്‍ ഈടാക്കിയിരുന്നത്.
ചെറിയ കുട്ടികളെ നോക്കുന്നതിനാണ് കൂടുതല്‍ തുക ഈടാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."