സഊദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും 20 മലയാളികൾ ഉൾപ്പെടെ 290 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
റിയാദ്: സഊദിയിലെ നാട് കടത്തൽ കേന്ദ്രത്തിൽ വിവിധ പ്രശ്‌നങ്ങളിൽ പെട്ട് തടവുകാരായി കഴിഞ്ഞിരുന്ന 290 ഇന്ത്യക്കാർ കൂടി നാട്ടിലെത്തി. 20 മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്. അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം 400 ഓളം പേർ റിയാദിലെ കേന്ദ്രത്തിൽ മാത്രം ഇനിയും ബാക്കിയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവരെയും നാട്ടിലേക്കയക്കാനുള്ള കാര്യങ്ങൾ എംബസിയുടെ നേതൃത്വത്തിൽ ചെയ്‌തു വരികയാണ്.
11 തമിഴ്നാട്ടുകാരും 15 ആന്ധ്രപ്രദേശുകാരും 22 ബിഹാർ സ്വദേശികളും 116 ഉത്തർപ്രദേശുകാരും 54 പശ്ചിമബംഗാൾ സ്വദേശികളും 18 രാജസ്ഥാനികളുമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. ഇതോടെ കൊവിഡ് തുടങ്ങിയ ശേഷം സഊദിയിൽ നിന്നും നാടുകടത്തിയ നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി. ഇഖാമ പുതുക്കാത്തവരും ഹുറൂബ് നിയമകുരുക്കിലായവരും തൊഴിൽ നിയമലംഘനം നടത്തിയവരുമാണ് ഈ സംഘത്തിലും ഉൾപ്പെട്ടിട്ടുള്ളത്. നിലവിൽ പിടിക്കപ്പെട്ട് തർഹീലിൽ ഉള്ളവരിലധികവും ഇതേ കേസുകളിൽ ഉൾപ്പെട്ടവരാണ്.
എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസഫ് കാക്കഞ്ചേരി, തുഷാർ, അബ്ദുസമദ് എന്നിവരാണ് തർഹീലിൽപോയി ഇവരുടെ യാത്രരേഖകൾ ശരിയാക്കിയത്. പാസ്‌പോർട്ടില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റാണ് എംബസി നൽകാറുള്ളത്. അതേസമയം രേഖകളെല്ലാം ശരിയായി എയർപോർട്ടിലെത്തിയാലും കേസുകളും മറ്റു നിയമനടപടികൾ നേരിടുന്നവർക്ക് നാട്ടിൽ പോകാൻ സാധിക്കാറില്ല. അവരെ തിരിച്ച് തർഹീലിലേക്ക് തന്നെ കൊണ്ടുവരികയാണ് പതിവ്. കേസുകൾ തീർന്ന ശേഷമേ അവർക്ക് നാട്ടിൽ പോകാൻ സാധിക്കുകയുള്ളൂ.
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ വേണ്ടി റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം 50 ൽ താഴെ പേർക്ക് മാത്രമേ ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നുള്ളൂ. 1000 ഓളം പേരാണ് അപേക്ഷകരായി ഉള്ളത്. ഇഖാമ പുതുക്കാത്തവർക്കും ഹുറൂബായവർക്കും ഇന്ത്യൻ എംബസിയിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്ത് നാട്ടിൽ പോകാൻ അവസരം ഇപ്പോഴുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."