'വിജിലന്‍സ് പരിശോധന വകുപ്പുമന്ത്രിയെ അറിയിക്കേണ്ടതില്ല' ഐസക്കിനെ തള്ളി മുഖ്യമന്ത്രിയെ ന്യായീകരിച്ച് കടകംപള്ളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ വിവാദത്തില്‍ മന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിജിലന്‍സ് പരിശോധനയ്ക്ക് മുന്‍പ് വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്ന് പറഞ്ഞ കടകംപള്ളി, മുഖ്യമന്ത്രിയുടെ മറുപടിയെ ന്യായീകരിച്ചു. കേസരിയില്‍ നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
വിജിലന്‍സ് സ്വതന്ത്രമായാണ് പരിശോധന നടത്തുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഇപ്പോഴുണ്ട്. നേരത്തെ അതില്ലായിരുന്നു. പരിശോധനയ്‌ക്കെതിരേ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും തോമസ് ഐസകിനും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിക്കാണും. അവരുടേത് പെട്ടെന്നുള്ള പ്രതികരണമായിരുന്നു.
ഓരോ ആളുകള്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ വിജിലന്‍സ് പരിശോധന സംബന്ധിച്ച് വകുപ്പ് മന്ത്രിയെ അറിയിക്കേണ്ട കാര്യമില്ലെന്നതാണ് തന്റെ ബോധ്യം. പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. അതുകൊണ്ടുതന്നെ വകുപ്പുമന്ത്രിയെയോ മേധാവിയെയോ അറിയിക്കണമെന്ന് കീഴ്‌വഴക്കമില്ല.
സി.പി.എമ്മില്‍ പിണറായിക്കെതിരേ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടെന്ന ആരോപണവും കടകംപള്ളി തള്ളി. പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ല. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നെന്ന എം.എം ഹസന്റെ പ്രസ്താവന ആരാണ് കാര്യമായി എടുക്കുകയെന്നും മന്ത്രി ചോദിച്ചു.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റെയ്ഡിനു നിര്‍ദേശം നല്‍കിയതു വിജിലന്‍സ് ഡയറക്ടറാണെന്നും അത് സാധാരണ നടപടിക്രമമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വിജിലന്‍സിനെതിരേ പ്രതികരിച്ച തോമസ് ഐസക്, റെയ്ഡ് ആരുടെ വട്ടാണെന്നുവരെ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."