സഹകരണ സ്പിന്നിങ് മില്ലുകളിലെ ക്രമക്കേട്: വ്യവസായ മന്ത്രി അടിയന്തര യോഗം വിളിച്ചു
ഇടുക്കി: വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിങ് മില്ലുകളിലെ വ്യാപക ക്രമക്കേടുകള്‍ ചര്‍ച്ചയായതിനെ തുടര്‍ന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അടിയന്തര യോഗം വിളിച്ചു. നാളെ ഉച്ചയ്ക്കു ശേഷം മൂന്നിനു തിരുവനന്തപുരത്താണ് യോഗം.
സഹകരണ സ്പിന്നിങ് മില്‍ മാനേജിങ് ഡയറക്ടര്‍മാരും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കേണ്ടത്. മില്ലുകളുടെ കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തും. ക്രമക്കേടുകളും തൊഴില്‍ പീഡനങ്ങളും കോടതി വ്യവഹാരങ്ങളിലേക്കും പൊലിസ് ഇടപെടലുകളിലേക്കും എത്തിയ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ആരോപണവിധേയരായ എം.ഡിമാര്‍ക്കു സ്ഥാനചലനമുണ്ടാകുമെന്നും സൂചനയുണ്ട്.
സംസ്ഥാനത്തു സഹകരണ മേഖലയില്‍ എട്ടു സ്പിന്നിങ് മില്ലുകളാണുള്ളത്. കൊല്ലം സ്പിന്നിങ് മില്‍, കോട്ടയം സ്പിന്നിങ് മില്‍, പുതുപ്പള്ളി പ്രിയദര്‍ശിനി സ്പിന്നിങ് മില്‍, തൃശൂര്‍ സ്പിന്നിങ് മില്‍, മാള കരുണാകരന്‍ സ്മാരക സ്പിന്നിങ് മില്‍, കുറ്റിപ്പുറം മാല്‍ക്കോടെക്‌സ്, മലപ്പുറം സ്പിന്നിങ് മില്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍, ആലപ്പി സ്പിന്നിങ് മില്‍ എന്നിവയാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പ്രതിവര്‍ഷം മൂന്നു മുതല്‍ 11 കോടി രൂപവരെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിലടക്കമുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇതിനു കാരണം. ഇവിടങ്ങളിലെ തൊഴിലാളികളുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്. മിനിമം വേജസ് ആക്ട് പ്രകാരമുള്ള ശമ്പളംപോലും ലഭിക്കുന്നില്ല. പല മില്ലുകളിലും വന്‍ തുക പി.എഫ് കുടിശ്ശികയും വരുത്തിയിട്ടുണ്ട്.
സഹകരണ സ്പിന്നിങ് മില്ലുകളില്‍ 15 വര്‍ഷമായി ഭരണസമിതി തെരഞ്ഞെടുപ്പും നടക്കുന്നില്ല. എട്ടു മില്ലുകളില്‍ രണ്ടിടത്തു മാത്രമാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. കണ്ണൂര്‍, മലപ്പുറം, കുറ്റിപ്പുറം മാല്‍കോടെക്‌സ്, തൃശൂര്‍, ആലപ്പി, കൊല്ലം എന്നീ സ്പിന്നിങ് മില്ലുകളില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ നോമിനേറ്റഡ് ഭരണസമിതി തുടരുകയാണ്. പ്രിയദര്‍ശനി സ്പിന്നിങ് മില്ലിലും മാളയിലെ കരണുകാരന്‍ സ്മാരക സ്പിന്നിങ് മില്ലിലും മാത്രമാണ് തെരഞ്ഞെടുപ്പിലൂടെ വന്ന ഭരണസമിതി നിലവിലുള്ളത്.എം.വി രാഘവന്‍ സഹകരണ മന്ത്രിയായിരുന്ന കാലത്തു കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തിലാണ് കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, ആലപ്പി, കൊല്ലം സ്പിന്നിങ് മില്ലുകളില്‍ നോമിനേറ്റഡ് ഭരണസമിതി തുടരുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഗണത്തിലാണ് സഹകരണ സ്പിന്നിങ് മില്ലുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം സംഘങ്ങളിലേക്കു സര്‍ക്കാരിനു നോമിനേറ്റ് ചെയ്യാന്‍ നിലവിലെ നിയമപ്രകാരം വ്യവസ്ഥയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."