ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിലേക്ക് മാറ്റാന്‍ സാധ്യത
നെടുമ്പാശ്ശേരി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിലേക്ക് മാറ്റാന്‍ സാധ്യത. ഒരു പതിറ്റാണ്ടിലേറെ കാലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തീര്‍ഥാടകര്‍ ഹജ്ജിന് പോയിരുന്നത്. തീര്‍ഥാടകരുടെ സൗകര്യത്തിനായി വിശാലമായ ഹജ്ജ് ഹൗസും കരിപ്പൂരില്‍ നിര്‍മിച്ചു.
എന്നാല്‍ 2015ല്‍ കരിപ്പൂരില്‍ റണ്‍വേ റീ കാര്‍പറ്റിങ് നടപടികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് ഹജ്ജ് സര്‍വിസ് താല്‍ക്കാലികമായി നെടുമ്പാശേരിയിലേക്ക് മാറ്റുകയായിരുന്നു. ആറ് മാസത്തിനകം റണ്‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ നാല് വര്‍ഷം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സ്വകാര്യ പങ്കാളിത്തത്തോടെ കണ്ണൂരില്‍ വിമാനത്താവളം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കരിപ്പൂരിനെ അപ്രസക്തമാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും വിവിധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് എംബാര്‍ക്കേഷന്‍ കണ്ണൂരിലേക്കോ, കരിപ്പൂരിലേക്കോ മാറ്റണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് കൈമാറിയത്.
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് തന്നെ നടത്തിയ ഈ നീക്കം എംബാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിലേക്ക് മാറ്റുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹജ്ജ് യാത്ര കണ്ണൂരില്‍നിന്ന് ആകുന്നതോടെ വിമാനത്താവളത്തിന്റെ പ്രശസ്തിക്കും പുരോഗതിക്കും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്ന 80 ശതമാനത്തിലധികം പേരും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നു തന്നെ പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ കണ്ണൂരിലേക്ക് എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റുന്നതോടെ ഇപ്പോള്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്കും ഒരു പരിധി വരെ തടയിടാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."