ആലഞ്ചേരിക്കെതിരേ ഇടവകകളില്‍ പ്രതിഷേധം
കൊച്ചി: വിമതവിഭാഗം വൈദികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ ഇടവകകളില്‍ പ്രതിഷേധം. ഭൂമിവിവാദവുമായി ബന്ധപ്പെട്ട ലഘുലേഖകളും പള്ളികളില്‍ വിതരണം ചെയ്തു.
ഭൂമിയിടപാടില്‍ പ്രതിക്കൂട്ടിലായ ആലഞ്ചേരിയെ രക്ഷിക്കാനുള്ള നീക്കത്തിനെതിരേയും സഹായമെത്രാന്മാരെ പുറത്താക്കിയ നടപടിക്കെതിരേയുമാണ് വിമതവിഭാഗം വൈദികരുടെയും അല്‍മായ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്.
അതിരൂപത അല്‍മായ മുന്നേറ്റം എന്ന പേരിലാണ് ഇന്നലെ പള്ളികളില്‍ പ്രതിഷേധസംഗമവും ലഘുലേഖാവിതരണവും നടത്തിയത്. അതിരൂപത സുതാര്യതാ സമിതിയുടെയും വിവിധ ഇടവകകളിലെ വിശ്വാസികളുടെയും സഹകരണത്തോടെയായിരുന്നു പ്രതിഷേധം.
ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പുറത്താക്കിയ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പ്രതിഷേധക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭൂമി വില്‍പ്പനക്ക് പിന്നാലെ ഉയര്‍ന്ന വ്യാജരേഖാ വിവാദത്തില്‍ വിമത വിഭാഗം വൈദികരെയും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും ലഘുലേഖയില്‍ വ്യക്തമാക്കുന്നു. മാര്‍ ആലഞ്ചേരിക്ക് ഭരണം ഉറപ്പിക്കാന്‍ അതിരൂപതയെ ചേര്‍ത്തല, എറണാകുളം, അങ്കമാലി എന്നിങ്ങനെ മൂന്ന് രൂപതകളാക്കി തിരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
തൃക്കാക്കരയിലുള്ള പത്തേക്കര്‍ സ്ഥലം വിറ്റതോടെ അതിരൂപതയുടെ സാമ്പത്തിക ബാധ്യത അവസാനിച്ചെങ്കിലും ഭൂമിവിവാദത്തില്‍ ഇടംപിടിച്ച കോതമംഗലം കോട്ടപ്പടിയിലെ സ്ഥലവും വില്‍ക്കാനുള്ള ശ്രമം ആലഞ്ചേരി തുടങ്ങിയിട്ടുണ്ട്. കര്‍ദിനാളിനെതിരേ പ്രതിഷേധിച്ച വൈദികര്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊലിസ് വഴിയും വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം വഴിയും സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഇതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ ആവശ്യപ്പെടുന്നു. അതിരൂപതയില്‍ നടന്ന ഭൂമിയിടപാടുകളെല്ലാം സഭാ നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനമാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സ്വതന്ത്രഭരണ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ഉണ്ടാകണമെന്നും അതുവരെ അതിരൂപതയുടെ ഭരണനിര്‍വഹണം മാര്‍പാപ്പ ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
അതേസമയം, വിശ്വാസികള്‍ കൂടി പ്രതിഷേധത്തിന്റെ ഭാഗമായതോടെ അനുനയ നീക്കവുമായി സഭാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ചുമതലകളില്‍നിന്ന് നീക്കിയ സഹായമെത്രാന്മാരെ ഇപ്പോഴത്തെ കടുത്ത നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇവരെ അനുനയിപ്പിക്കാനായാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സഭാനേതൃത്വത്തിന്റെ വിശ്വാസം.
വൈദികരുടെ പ്രശ്‌നങ്ങള്‍
സിനഡില്‍ ചര്‍ച്ച ചെയ്യും
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ഓഗസ്റ്റില്‍ ചേരുന്ന സിറോ മലബാര്‍ സഭ പൊതു സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് മുന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്.
അടുത്ത മാസം 19ന് ചേരുന്ന സിനഡിന്റെ പ്രധാന അജന്‍ഡ ഇതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദികരുടെ വികാരം സിനഡ് പരിഗണിക്കും. നിലവിലെ സാഹചര്യം സങ്കീര്‍ണമാണ്. പ്രശ്‌നങ്ങള്‍ക്ക് സിനഡിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായിരിക്കെ താന്‍ വത്തിക്കാന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല നിലവില്‍ അതിരൂപതയില്‍ ഉണ്ടായിരിക്കുന്ന നടപടികളെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനില്‍നിന്ന് എത്തിയത്. അതിരൂപതയില്‍നിന്ന് പുറത്താക്കപ്പെട്ട സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."