ജാമ്യം ലഭിക്കാന്‍ നിയമം എളുപ്പമാക്കി ലോകമ്മിഷന്‍
ന്യൂഡല്‍ഹി: അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിലൊഴികെ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യംലഭിക്കുന്ന വിധത്തില്‍ ദേശീയ നിയമ കമ്മിഷന്‍ ഇന്ത്യന്‍ കുറ്റകൃത്യനിയമത്തില്‍ (സി.ആര്‍.പി.സി) മാറ്റംവരുത്തുന്നു. ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷക്ക് അര്‍ഹമായ കുറ്റത്തിനു വിചാരണനേരിടുന്നവര്‍ ഇതിനകം ശിക്ഷയുടെ മൂന്നിലൊന്നോ അതുമല്ലെങ്കില്‍ രണ്ടരവര്‍ഷമോ ജയിലില്‍കഴിഞ്ഞാല്‍ അത്തരക്കാര്‍ക്ക് ജാമ്യംലഭിക്കണമെന്ന് നിയമകമ്മിഷന്‍ ശുപാര്‍ശചെയ്യും. സി.ആര്‍.പി.സിയിലെ 436എ വകുപ്പ് ഭേദഗതിചെയ്താണ് ലോകമ്മിഷന്‍ വിചാരണത്തടവുകാര്‍ നീണ്ടകാലം ജയില്‍ശിക്ഷയനുഭവിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നത്.
ജാമ്യമില്ലാവകുപ്പു പ്രകാരമുള്ള കേസിലോ വാറന്‍ഡ് ഇല്ലാതെയോ അറസ്റ്റിലാവുന്നവര്‍ക്ക് ജാമ്യം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന വകുപ്പാണ് സി.ആര്‍.പി.സി 436 എ. ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്ന വ്യവസ്ഥയോടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ ജാമ്യത്തില്‍ പുറത്തിറങ്ങാം. ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്ത തടവുകാരന്‍ ആണെങ്കില്‍ ആ പ്രദേശത്തുകാരനായ ഒരാളുടെ സ്വന്തംനിലയ്ക്കുള്ള ഉറപ്പിന്‍മേലും ജാമ്യംനല്‍കണമെന്ന വിധത്തിലാണ് കമ്മിഷന്‍ ഭേദഗതികൊണ്ടുവരുന്നത്.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതല്ലാത്ത കുറ്റവാളികളെ അവരുടെ ശിക്ഷാകാലയളവിന്റെ പകുതികാലം കഴിഞ്ഞാല്‍ ജാമ്യംനല്‍കാമെന്നതാണ് നിയമം. റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മോചിപ്പിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇതുപലപ്പോഴും പാലിക്കപ്പെടാറില്ല. ഇക്കാരണത്താല്‍ വിചാരണത്തടവുകാരുടെ ആധിക്യമുള്ള തടവറകളാണ് ഇന്ത്യയിലെ ജയിലുകള്‍.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്തെ ജയില്‍ അന്തേവാസികളില്‍ മൂന്നില്‍രണ്ടുപേരും വിചാരണത്തടവുകാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."