ബി.ഐ.എസ് റിപ്പോര്‍ട്ടിന് ഹൈക്കോടതി അനുമതി
പൂച്ചാക്കല്‍:മലബാര്‍ സിമന്റ്‌സ് ഫാക്ടറിയിലെ സിമന്റ് ഉല്‍പ്പാദനം ശരിയായ രീതിയിലെന്നുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബി.ഐ.എസ്) റിപ്പോര്‍ട്ടിന് ഹൈക്കോടതി അനുമതി നല്‍കി.
തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി ബി.ഐ.എസിനെ ചുമതലപ്പെടുത്തി. പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയിലെ സിമന്റ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ചൊവാഴ്ച പരിഗണിച്ചപ്പോഴാണ് ഫാക്ടറിയില്‍ കോടതി നിര്‍ദേശ പ്രകാരം ഉല്‍പ്പാദനം നടത്തിയ സിമന്റിന്റെ സാമ്പിള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ബി.ഐ.എസ് കോടതിയില്‍ നല്‍കിയത്. റിപ്പോര്‍ട്ടിന് കോടതി അനുമതി നല്‍കിയെന്നും പള്ളിപ്പുറം ഫാക്ടറിയില്‍ നിന്നും സിമന്റ് വില്‍പ്പന തുടങ്ങുന്നത് അടക്കമുള്ള തുടര്‍നടപടികള്‍ക്ക് ബി.ഐ.എസിനെ ചുമതലപ്പെടുത്തിയെന്നുമാണ് ലഭിച്ച വിവരമെന്ന് മലബാര്‍ സിമന്റ്‌സ് അധികൃതര്‍ പറഞ്ഞു. കോടതി നിര്‍ദേശത്തിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു എന്നും പകര്‍പ്പ് ബുധനാഴ്ച ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയിലെ സിമന്റ് നിര്‍മാണ രീതിയില്‍ ക്രമക്കേടെന്ന് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ ബി.ഐ.എസ് നടത്തിയ പരിശോധനയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 10മുതല്‍ ഫാക്ടറിയില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."