സഹായ വാഗ്ദാനം; സ്ത്രീകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍
കൊടുവള്ളി: സാമ്പത്തികമായി സഹായിക്കാമെന്ന വാഗ്ദാനത്തിലൂടെ പാവപ്പെട്ട സ്ത്രീകളെ ലൈംഗിക പീഡനത്തിരയാക്കിയയാളെ പൊലിസ് പിടികൂടി. മുക്കം നെല്ലിക്കാപ്പറമ്പ് സ്വദേശി അബ്ദുറഹ്മാനെയാണ് കൊടുവള്ളി സി.ഐ എന്‍. ബിഷ്വാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്തതായും പള്ളിയുടെ പേരില്‍ വ്യാജപിരിവ് നടത്തിയതായും പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
വയനാട് സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നെല്ലിക്കാപ്പറമ്പ് മാവായി ചേലാംകുന്ന് അബ്ദറഹ്മാനെ പിടികൂടിയത്.
ഓമശ്ശേരിയില്‍ താമസിക്കുന്ന വയനാട് സ്വദേശിനിക്ക് ഭവന നിര്‍മാണത്തിന് പണം സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടമ്മയുമായി പരിചയത്തിലായത്. ഇതിനായി പലരെയും കാണാനെന്ന വ്യാജേനെ സ്ത്രീയെ പല സ്ഥലങ്ങളിലും എത്തിക്കുകയും റൂം വാടകക്കെടുത്ത് താമസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഓമശ്ശേരിയിലെ വീട്ടിലെത്തിയ അബ്ദുറഹ്മാന്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മതസംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ധനസഹായം വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് നിരവധി സ്ത്രീകളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. കാസര്‍കോട്ടുള്ള സ്ത്രീ കഴിഞ്ഞ ദിവസം ഭാര്യയാണെന്ന് അവകാശപ്പെട്ട് ഇയാളുടെ താമസ സ്ഥലത്തെത്തിയത് കൈയാങ്കളിയില്‍ കലാശിച്ചിരുന്നു. മുക്കം പൊലിസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മാന്യമായ വേഷം ധരിച്ചെത്തി നിര്‍ധനരായ വിധവകളെയും പ്രായംചെന്ന സ്ത്രീകളെയും വശത്താക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലിസ് അറിയിച്ചു. മാനഹാനി ഭയന്ന് പലരും പരാതിപ്പെടാന്‍ തയാറാകാത്തതാണ് ഇയാള്‍ക്ക് തുണയായത്. തിരൂരിലെ പള്ളിയുടെ പേരിലുള്ള രസീതിയും ഇയാളില്‍ നിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."