മേലാമുറിയിലെ ബസ് ബേ നിര്‍മാണം കടലാസിലൊതുങ്ങി
പാലക്കാട്: നഗരത്തിന്റെ പ്രവേശനകവാടവും പ്രധാന വ്യാപാര കേന്ദ്രവുമായ മേലാമുറി ജങ്ഷനിലെ ബസ്‌ബേ നിര്‍മാണം പതിറ്റാണ്ടുകളായി കടലാസില്‍ തന്നെ. ഇതോടെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കിലും വീര്‍പ്പുമുട്ടുന്ന മേലാമുറിയിലെ ബസ്‌ബേ വേണമെന്നാവശ്യം ശക്തമാവുകയാണ്. പാലക്കാട് നിന്നും ഗുരുവായൂര്‍, പൊന്നാനി, തൃശ്ശൂര്‍, പട്ടാമ്പി, കല്ലൂര്‍, കോങ്ങാട് എന്നിവിടങ്ങളിലേക്കായി നിരവധി ബസുകളാണ് മേലാമുറി വഴി സര്‍വിസ് നടത്തുന്നത്. മിക്ക ബസുകളും ടൈമിങിനായി മേലാമുറി ജങ്ഷനില്‍ നിര്‍ത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.
പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തിയിടുന്ന ഭാഗത്ത് കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും എതിര്‍വശത്തെ സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട ഗതികേടാണ്. രാപകലന്യേ ചരക്കുവാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മേലാമുറി കവലയില്‍ സിഗ്നല്‍ സംവിധാനമില്ലാത്തതും വാഹനയാത്ര ദുഷ്‌കരമാക്കുകയാണ്. മേലാമുറിയിലെ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിനായിട്ടാണ് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മേലാമുറി ബസ്‌ബേ നിര്‍മാണത്തിന് പദ്ധതിയിട്ടത്.
ബസ്‌ബേ നിര്‍മാണത്തിനായി പട്ടാമ്പി റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തായി നഗരസഭ സ്ഥലവും കണ്ടെത്തിയിരുന്നു. ബസുകള്‍ നിര്‍ത്തിയിടുന്നതിനുള്ള ഷെഡും യാത്രക്കാര്‍ക്കുള്ള വിശ്രമസ്ഥലവും കംഫര്‍ട്ട് സ്റ്റേഷനുമടങ്ങുന്ന ബസ് ബേയായിരുന്നു വിഭാവനം ചെയ്തത്. എന്നാല്‍ ഭരണസമിതികള്‍ മാറിമറിഞ്ഞതോടെ മേലാമുറിയിലെ ബസ്‌ബേ നിര്‍മാണം കരിമ്പനക്കാറ്റില്‍ പറന്നു. മേപ്പറമ്പ് റോഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മതിയായ സ്ഥലം കണ്ടെത്തി മേലാമുറി ബസ്‌ബേ നിര്‍മിക്കണമെന്നാവശ്യമാണ് ശക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."