ഗുജറാത്തിലെ ആക്രമണ കേസ്: മലയാളി എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയില്‍
നെടുമ്പാശ്ശേരി: ഗുജറാത്തില്‍ നിരവധി ആക്രമണ കേസുകളുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷിക്കുന്ന മലയാളി നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ സ്വദേശി പൊട്ടാണിക്കല്‍ സുഹൈബ് അബ്ദുല്‍ ഖാദര്‍ (49) ആണ് ഇന്നലെ പുലര്‍ച്ചെ പിടിയിലായത്.
പൊലിസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പടെ ഗുജറാത്തില്‍ 28 കേസുകളില്‍ പ്രതിയാണ് ഇയാള്‍. ആക്രമണങ്ങള്‍ക്കുശേഷം പ്രതി ദുബായിലേക്ക് കടക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്ത് പൊലിസ് പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതോടെ ഇയാള്‍ നാട്ടിലേക്ക് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് പൊലിസ് അഹമ്മദാബാദ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ എമിഗ്രേഷന്‍ വിഭാഗം പിടികൂടി നടപടിക്രമങ്ങള്‍ക്ക് ശേഷം ഗുജറാത്ത് പൊലിസിന് കൈമാറി.
ബോംബ് ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിനും വൈദഗ്ധ്യമുള്ളയാളാണ് പ്രതിയെന്ന് അഹമ്മദബാദ് പൊലിസ് വ്യക്തമാക്കി. സൂറത്ത് പൊലിസ് സ്റ്റേഷനിലും കേരളത്തില്‍ വേങ്ങര പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്.
ഇന്നലെ പുലര്‍ച്ചെ ദുബായിയില്‍ നിന്നും ഫ്‌ളൈ ദുബായ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. വൈകിട്ട് അഞ്ച് മണിയോടെ ഇന്‍ഡിഗോ വിമാനത്തില്‍ ഗുജറാത്ത് പൊലിസ് പ്രതിയേയും കൂട്ടി അഹമ്മദാബാദിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."