അഴീക്കല്‍ തുറമുഖത്ത് വീണ്ടും കപ്പലെത്തി
കണ്ണൂര്‍: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡീകമ്മിഷന്‍ ചെയ്ത കപ്പല്‍ പൊളിച്ചുനീക്കുന്നതിനായി അഴീക്കല്‍ സില്ക്കിലെത്തിച്ചു. ചെന്നൈ തുറമുഖത്തു നിന്ന് ഐ.സി.ജി.എസ് കനകലത ബറുവ എന്ന കപ്പലാണ് മറ്റൊരു കപ്പലായ 'ശിവ'യില്‍ കെട്ടിവലിച്ച് ക്യാപ്റ്റന്‍ ശിവകുമാര്‍ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ അഴീക്കല്‍ തുറമുഖത്തെത്തിച്ചത്. ശിവ എന്ന കപ്പല്‍ ഇതിനു ശേഷം മുംബൈയിലേക്ക് തിരിച്ചുപോകും. മണ്‍സൂണ്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 15നു പുതിയ കപ്പല്‍ സീസണ് ആരംഭിച്ചതിനുശേഷം അഴീക്കല്‍ തുറമുഖത്തെത്തിയ ആദ്യ കപ്പലിനു തുറമുഖ ഓഫിസില്‍നിന്ന് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. കപ്പല്‍ പൊളിക്കുന്നതിന് ആധുനിക രീതിയിലുള്ള കോണ്‍ക്രീറ്റ് ബെഡുകള്‍, ക്രെയിനുകള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ സില്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തുറമുഖ വകുപ്പിന്റെയും അനുമതിയോടെ വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണു സില്‍ക്കില്‍ കപ്പല്‍ പൊളിക്കുന്നത്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഇരുമ്പുരുക്ക് വ്യവസായ ശൃംഖലയായ സ്റ്റീല്‍ ഇന്റസ്ട്രീസ് കേരള ലിമിറ്റഡ്(സില്‍ക്ക്) മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനം വളര്‍ച്ചയുടെ മുന്നേറിക്കൊണ്ടിരിക്കെയാണ് അഴീക്കലില്‍ വീണ്ടും കപ്പലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."