കിഴക്കിന്റെ വെനീസില്‍ പ്രചാരണം കൊവിഡിനെയും തോല്‍പ്പിച്ച്
ആലപ്പുഴ: ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയില്‍ കൊവിഡിനെയും തോല്‍പ്പിക്കുന്ന പ്രചാരണം. ജില്ലയിലെ പ്രമുഖ നേതാക്കള്‍ കൊവിഡ് ബാധിതരായി പ്രചാരണരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സംസ്ഥാന നേതാക്കളുടെ പര്യടനമാരംഭിച്ചതോടെ രംഗം ചൂടുപിടിച്ചു.
കൊവിഡ് വ്യാപനത്തില്‍ മുന്നിലായിരുന്ന ജില്ലയില്‍ കരുതലോടെയായിരുന്നു പ്രചാരണത്തുടക്കം. എന്നാല്‍ പ്രചാരണം ചൂടുപിടിച്ചതോടെ കൊവിഡിനെയും തോല്‍പ്പിച്ചാണ് മുന്നേറ്റം. മുന്നണികളെല്ലാം കുടുംബസംഗമങ്ങളിലും സ്ഥാനാര്‍ഥി സംഗമത്തിലുമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹ്യമാധ്യമ പ്രചാരണത്തിനൊപ്പം വിടുകള്‍ കയറിയിറങ്ങിയും സ്ഥാനാര്‍ഥികള്‍ വോട്ട് ചോദിക്കുന്നു.
ആറു മുനിസിപ്പാലിറ്റികളിലും 72 ഗ്രാമപഞ്ചായത്തുകളിലും 12 ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലുമായി കടുത്ത മത്സരമാണ് നടക്കുന്നത്. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുമുള്ള പൊട്ടലും ചീറ്റലും പല സ്ഥലത്തും റിബലുകളുടെ രൂപത്തില്‍ രംഗത്തുവന്നിരിക്കുകയാണ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്, ജനറല്‍സെക്രട്ടറിമാരായ എ.എ ഷൂക്കൂര്‍, എം. മുരളി, സി.ആര്‍ ജയപ്രകാശ് തുടങ്ങിയ നേതാക്കള്‍ ഫോണിലൂടെയും ഓണ്‍ലൈനിലൂടെയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരുടെ സാന്നിധ്യത്തിന്റെ കുറവ് പരിഹരിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ തുടങ്ങിയവര്‍ ജില്ലയില്‍ പര്യടനം നടത്തി.
ഇടതുമുന്നണിക്കു വേണ്ടി മന്ത്രിമാരായ ജി.സുധാകരന്‍, തോമസ് ഐസക്ക്, പി. തിലോത്തമന്‍ എന്നിവരാണ് ജില്ലയില്‍ സജീവമായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ഓണ്‍ലൈന്‍ യോഗങ്ങളിലായിരിക്കും പങ്കെടുക്കുക. എന്‍.ഡി.എയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍, സുരേഷ് ഗോപി എം.പി എന്നിവര്‍ ജില്ലയിലെത്തി. മൂന്നു മുന്നണികളുടെയും പ്രമുഖര്‍ വരുംദിവസങ്ങളില്‍ കുടുംബസംഗമങ്ങളിലും റോഡ് ഷോയിലുമായി അണിനിരക്കും.
സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ എല്‍.ഡി.എഫ് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങളും വിവാദങ്ങളുമാണ് യു.ഡി.എഫ് ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചാരണവിഷയമാക്കുന്ന ബി.ജെ.പിക്കെതിരേ ഇതരമുന്നണികള്‍ മോമ്പൊടിക്കായി ജനദ്രോഹ നിലപാടുകള്‍ പറയുന്നുണ്ട്. എന്നാലും പ്രധാന ചര്‍ച്ച സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ തന്നെ. എന്നാല്‍ സ്ഥാനാര്‍ഥികള്‍ താഴേത്തട്ടില്‍ പ്രചാരണവിഷയമാക്കുന്നത് പ്രാദേശിക വികസനം തന്നെയാണ്. 72 ഗ്രാമപഞ്ചായത്തുകളിലായി 3,951 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടുന്നത്. നിലവില്‍ പഞ്ചായത്ത് ഭരണം 48 ഇടങ്ങളില്‍ എല്‍.ഡി.എഫിനും 23 ഇടങ്ങളില്‍ യു.ഡി.എഫിനുമാണ്. ആറു മുനിസിപ്പാലിറ്റികളിലേക്ക് 789 സ്ഥാനാര്‍ഥികളും 23 അംഗ ജില്ലാ പഞ്ചായത്തിലേക്ക് 82 സ്ഥാനാര്‍ഥികളും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 508 സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ ആറില്‍ നാലും യു.ഡി.എഫ് ഭരിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ പത്തും ജില്ലാ പഞ്ചായത്തും ഇടതു മുന്നണി ഭരിക്കുന്നു. 17,82,584 വോട്ടര്‍മാരാണ് ജില്ലയില്‍ വിധിയെഴുതുന്നത്. പ്രവാസി വോട്ടര്‍മാര്‍ 37 പേരാണ്. 8,38,985 പുരുഷന്മാരും 9,43,587 സ്ത്രീകളും ഭിന്നലിംഗക്കാരായി 12 പേരുമാണ് വോട്ടര്‍പട്ടികയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."