ഹാട്രിക് നേട്ടത്തിനായി യു.ഡി.എഫ്; തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ്
കൊച്ചി: ഹാട്രിക് വിജയം ലക്ഷമിട്ട് യു.ഡി.എഫും മൂന്നു പതിറ്റാണ്ടിലേറെ തങ്ങളുടെ കൈയിലായിരുന്ന ഭരണം 10 വര്‍ഷത്തിനു ശേഷം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടി എല്‍.ഡി.എഫും രംഗത്തിറങ്ങിയതോടെ കൊച്ചി കോര്‍പറേഷനില്‍ നടക്കുന്നത് കടുത്ത മത്സരം.
1971 മുതല്‍ 2010 വരെ കോര്‍പറേഷന്റെ ഭരണം എല്‍.ഡി.എഫിന്റെ കൈയിലായിരുന്നു. 2010ലാണ് യു.ഡി.എഫ് ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുന്നത്.
തുടര്‍ന്ന് 2015ല്‍ സൗമിനി ജെയിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. നിലവില്‍ യു.ഡി.എഫ് 38, എല്‍.ഡി.എഫ് 34, എന്‍.ഡി.എ രണ്ട് എന്നതാണ് കോര്‍പറേഷനിലെ കക്ഷിനില.
ഇത്തവണ എങ്ങനെയും ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് രംഗത്തുള്ളത്. നഗരസഭയിലെ വെള്ളക്കെട്ടും ഇ ഗവേണന്‍സ് സംവിധാനങ്ങളുടെ പരാജയവും ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുപോലും രൂക്ഷ വിമര്‍ശനമാണ് കോര്‍പറേഷനു നേരിടേണ്ടിവന്നത്. ഒടുവില്‍ കൊര്‍പറേഷനെ ഓഴിവാക്കി വെള്ളക്കെട്ട് നിവാരണ ചുമതല കലക്ടര്‍ക്കു നല്‍കേണ്ടിവന്നു സര്‍ക്കാരിന്.
ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കിയ വീടുകള്‍, ജനകീയാസൂത്രണ പദ്ധതികളിലൂടെ നിരവധി ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കാന്‍ കഴിഞ്ഞത്, നഗരത്തിലെ പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയത്, കൊച്ചി, എറണാകുളം ടൗണ്‍ഹാളുകളുടെ നവീകരണം എന്നിവയൊക്കെ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫിന്റെ പോരാട്ടം.
വൈപ്പിന്‍- ഫോര്‍ട്ട് കൊച്ചി റോ റോ സര്‍വിസ് ആരംഭിക്കാന്‍ കഴിഞ്ഞതും യു.ഡി.എഫിനു നേട്ടമായിട്ടുണ്ട്.
എറണാകുളം നിയമസഭാ മണ്ഡലം പൂര്‍ണമായും കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളുെട ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് കോര്‍പറേഷന്‍.
ഇതില്‍ എറണാകുളവും തൃക്കാക്കരയും യു.ഡി.എഫിന്റെയും കൊച്ചിയും തൃപ്പൂണിത്തുറയും എല്‍.ഡി.എഫിന്റെയും കൈവശമാണുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നാലു മണ്ഡലങ്ങളും യു.ഡി.എഫിന്റെ കൈയിലായിരുന്നു.
തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയും തൃപ്പൂണിത്തുറയും എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഇവിടുത്തെ മുന്നേറ്റം തങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം മൂലമാണ് രണ്ടു മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടതെന്നും ഇപ്പോള്‍ ഗ്രൂപ്പ് തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സാധിച്ചതു മൂലം ഇവിടെ തങ്ങള്‍ക്ക് മേല്‍ക്കൈ നേടാനാവുമെന്നുമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."