സാലറി ചാലഞ്ചിന്റെ പേരില്‍ പിടിച്ചുപറിയും ഗുണ്ടാപ്പിരിവും നടത്തുന്നു: മുസ്‌ലിം ലീഗ്
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന അഭ്യര്‍ഥന പരാജയപ്പെട്ടതോടെ രാഷ്ട്രീയപ്രേരിതമായി വിദൂരദിക്കിലേക്ക് സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി അത്യന്തം അപലപനീയമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്വീഫ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ബന്ധിത രൂപത്തിലുള്ളതാണെന്ന് ഹൈക്കോടതി കണ്ടെത്തിയതാണ്. ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. സാമ്പത്തിക പ്രയാസങ്ങളോ കുടുംബാംഗങ്ങളുടെ രോഗാവസ്ഥയോ വ്യക്തിപരമായ മറ്റു പ്രയാസങ്ങളോ മൂലം പരാധീനതകളനുഭവിക്കുന്ന പല ജീവനക്കാര്‍ക്കും സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.
ഇത്തരം ജീവനക്കാര്‍ക്ക് മാനുഷിക പരിഗണന മാനിച്ച് ഇളവ് നല്‍കുന്നതിന് പകരം അവരെ ഭീഷണികളിലൂടെ മാനസികമായി തളര്‍ത്തിയും സ്ഥലംമാറ്റി പീഡിപ്പിച്ചും പ്രതികാരം തീര്‍ക്കാന്‍ ഇടതു യൂനിയനുകളെ കയറൂരി വിട്ടിരിക്കുകയാണ്. 22നകം വിസമ്മതപത്രം നല്‍കിയില്ലെന്ന കാരണത്താല്‍, പരിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിന് പോയവര്‍ക്കും തങ്ങളുടെ ഒരു മാസത്തെ ശമ്പളം പിടിക്കപ്പെടുന്നുണ്ടെന്നും സാലറി ചലഞ്ചില്‍നിന്നു മാറി നില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരേയുള്ള ഇത്തരം രാഷ്ട്രീയ പ്രേരിത നടപടികള്‍ക്കെതിരേ ശക്തമായ പൊതുവികാരം ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."