നിര്‍മാണത്തില്‍ ക്രമക്കേട്; അരീക്കോട് സ്‌റ്റേഡിയത്തില്‍ വിജിലന്‍സ് പരിശോധന
അരീക്കോട്: നിര്‍മാണത്തില്‍ അഴിമതി നടന്നതുമായി ബന്ധപ്പെട്ട് അരീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ വിജലന്‍സ് പരിശോധന നടത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് തിരുവന്തപുരത്തെ വിജിലന്‍സ് എന്‍ജിനിയറിങ് വിഭാഗത്തിന്റെ നേതൃത്തിലുള്ള 30 അംഗ സംഘം പരിശോധന നടത്തിയത്. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന. സ്റ്റേഡിയത്തിന്റെ നിര്‍മാണം സംബന്ധിച്ച് തുടക്കത്തില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഗ്യാലറിയില്‍ സൗകര്യങ്ങള്‍ തീരെ കുറവാണെന്നും നിര്‍മാണത്തിലെ പിഴവ് മൈതാനത്തിന്റെ വലിപ്പം കുറച്ചുവെന്നും പ്രവര്‍ത്തികളില്‍ ക്രമക്കേട് നടന്നുവെന്നുമാണ് പരാതി. അരീക്കോട് എത്തിയ വിജിലന്‍സ് സംഘം മൈതാനം, പവലിയന്‍, വിശ്രമമുറികള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പരിശോധിച്ചു. നാട്ടുകാരില്‍നിന്നും പരാതിക്കാരില്‍നിന്നും മൊഴിയെടുത്തു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
12 കോടി ചെലവിട്ടാണ് സ്‌റ്റേഡിയം നിര്‍മാണം തുടങ്ങിയത്. 2013 -14 ബജറ്റില്‍ 2.98 കോടി സര്‍ക്കാര്‍ വിഹിതമായി അനുവദിച്ചിരുന്നു.
പി.കെ ബഷീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നര കോടിയും വകയിരുത്തി. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ 55 ലക്ഷം, അരീക്കോട് പഞ്ചായത്തിന്റെ 50 ലക്ഷം, ദേശീയ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ വിഹിതം എന്നിവ ഉള്‍പ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. സര്‍ക്കാര്‍ വിഹിതവും എം.പി ഫണ്ടും ലഭ്യമാക്കി. മൈതാനം മണ്ണിട്ടുയര്‍ത്തി ഒരുഭാഗത്ത് ഗ്യാലറി നിര്‍മിച്ചു.
2013ല്‍ തുടങ്ങിയ പ്രവൃത്തിയില്‍ സിന്തറ്റിക് ട്രാക്ക്, നീന്തല്‍കുളം, സ്റ്റേഡിയം കോംപ്‌ളക്‌സും പദ്ധതിയിലുണ്ടായിരുന്നുവെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഇപ്പോള്‍ മൈതാനം ഒന്നിനും കൊള്ളാത്ത അവസ്ഥയിലാണ്. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ അനാസ്ഥയാണ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ അരീക്കോട്ടുകാരുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."