കൂളിക്കുന്ന് അങ്കണവാടി ക്രമക്കേട്: വിജിലന്‍സ് കേസെടുത്തു
വാണിമേല്‍: കൂളിക്കുന്ന് അങ്കണവാടി അറ്റകുറ്റപ്പണി നടത്തിയതില്‍ ചെയ്യാത്ത പണിക്ക് പണം അനുവദിച്ച സംഭവത്തില്‍ വിജിലന്‍സ് കേസെടുത്തു. പണി നടത്തിയ കോണ്ട്രാക്ടര്, ക്രമക്കേടിന് കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.
2010-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രവൃത്തിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാണിമേല്‍ പഞ്ചായത്തിന്റെ 2014ലെ 114 നമ്പര്‍ പ്രൊജക്ട് അനുസരിച്ച് 207000 രൂപയുടെ പ്രവൃത്തിയില്‍ മുഴുവന്‍ പണിയും ചെയ്യാതെ പണം പിന്‍വലിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നതിന്റെ അടിസ്ഥാനത്തില്‍ ജാഫര്‍ കാളംകുളത്ത് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
കൂളിക്കുന്ന് അങ്കണവാടിയുടെ മേല്‍ക്കൂരയില്‍ അഞ്ച് സെന്റീമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിടത്തിന്റെ ചോര്‍ച്ച അടക്കുക, കെട്ടിടത്തിന് സ്റ്റീല്‍ ജനല്‍ സ്ഥാപിക്കുക എന്നീ പ്രവൃത്തികള്‍ ചെയ്യാതെ കോണ്ട്രാക്ടര് എം.കെ ബാലന് 53405 രൂപ അധികമായി അനുവദിച്ചു കൊടുത്തതിനാണ് കേസെടുത്തത്. ഉദ്യാഗസ്ഥരുടെയും കോണ്ട്രാക്ടറുടെയും ഈ നടപടി മൂലം സര്‍ക്കാരിന് 53405 രൂപയുടെ നഷ്ടം വന്നതായി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു .
വാണിമേല്‍ പഞ്ചായത്ത് അസി. എന്‍ജിനീയറായിരുന്ന എസ്. മനുമോഹന്‍, ഓവര്‍സിയര്‍ പ്രസന്നകുമാര്‍, തൂണേരി ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് പി.എം ഗോപിനാഥ് എന്നീ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടറായിരുന്ന മൂലക്കാപ്പില്‍ ബാലനുമെതിരേയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."