ഇനി രാത്രികാലത്തും വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം
കല്‍പ്പറ്റ: മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ രാത്രികാലങ്ങളിലും വെറ്ററിനറി ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കര്‍ഷകര്‍ക്ക് ഇവരുടെ സേവനം ഇതോടെ 24 മണിക്കൂറും ലഭ്യമാകും.
നേരത്തെ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാണ് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം കിട്ടിയിരുന്നത്. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ കിട്ടാത്തതിനാല്‍ നിരവധി കര്‍ഷകര്‍ക്ക് ദുരിതം നേരിട്ടിരുന്നു.
മഴക്കാലത്തും മറ്റും കന്നുകാലികള്‍ക്ക് അസുഖം വന്നാല്‍ അടിയന്തര ചികിത്സ നല്‍കാന്‍ യാതൊരുമാര്‍ഗവും കര്‍ഷകര്‍ക്കുണ്ടായിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, പനമരം ബ്ലോക്കുകളില്‍ കരാറടിസ്ഥാനത്തില്‍ കൂടുതല്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു.
മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഗ്രാമങ്ങളിലെ നിരവധി കര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും അകലാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ നിയമനം ത്വരിതപ്പെടുത്തിയത്. വേനല്‍ച്ചൂടിലെ ഉല്‍പാദന നഷ്ടവും അസുഖങ്ങളും തടയാനായി ജില്ലയിലെ 19 പഞ്ചായത്തുകളില്‍ രണ്ടുലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വകുപ്പുമായി സഹകരിച്ച് പുല്‍പ്പള്ളി, മൂപ്പൈനാട്, മേപ്പാടി, തിരുനെല്ലി, നൂല്‍പ്പുഴ, പനമരം പഞ്ചായത്തുകളില്‍ ജീവനോപാധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 49 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു. ഒരാള്‍ക്ക് അഞ്ച് ആടുകളെ വാങ്ങുവാന്‍ 25000 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ 30 യൂണിറ്റുകളും 10 താറാവ് കുഞ്ഞുങ്ങള്‍ക്കും കൂടിനുമായി 1200 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ 60 യൂണിറ്റുകളും നിലവില്‍ വന്നു.
ആട് കര്‍ഷക പരിശീലനം, സുല്‍ത്താന്‍ ബത്തേരിയില്‍ എഗ്‌ഫെസ്റ്റ്, ഇന്‍വസ്റ്റേഴ്‌സ് മീറ്റ് എന്നിവയ്ക്കായി 15.22 ലക്ഷം രൂപ ചെലവഴിച്ചു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ആറു ലക്ഷം രൂപയും നാട്ടാനകളുടെ ചികിത്സക്കായി 2.35 ലക്ഷം രൂപയും ചെലവഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."