'ചെങ്ങോടുമല ഖനനത്തിന് നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണം'
പേരാമ്പ്ര: ക്വാറികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിനു നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ഖനന വിരുദ്ധ ആക് ഷന് കൗണ്‍സിലുകളുടെ പഞ്ചായത്തുതല കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാരിസ്ഥിതികാഘാത പഠനം നടത്താതെയും പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെയും ക്വാറികള്‍ക്ക് അനുമതി കൊടുക്കരുതെന്നാണു ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പറയുന്നത്.
ചെങ്ങോടുമലയുടെ കാര്യത്തില്‍ ഇതു രണ്ടും പരിഗണിച്ചില്ല. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ പരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതിയില്‍ പാരിസ്ഥിതിക വിദഗ്ധനില്ലാതെയാണു ക്വാറിക്ക് അനുമതി കൊടുത്തത്. കൂടാതെ സമിതിയില്‍ അംഗമായ ഡി.എഫ്.ഒ വിദഗ്ധ പഠനം നടത്താത്തതിനാല്‍ അനുമതി പുനഃപരിശോധിക്കണമെന്നും കലക്ടറോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിരവധി കാരണങ്ങള്‍ നിരത്തി ആക്ഷന്‍ കമ്മിറ്റി ഖനനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയെങ്കിലും കലക്ടര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതിനാല്‍ കലക്ടര്‍ക്ക് ക്വാറി മാഫിയയുമായി അവിഹിത ബന്ധമുള്ളതായും സമിതി ആരോപിച്ചു.
പാരിസ്ഥിതികാനുമതി റദ്ദാക്കാന്‍ ഇനിയും കാലതാമസമുണ്ടായാല്‍ ശക്തമായ സമരം നടത്താന്‍ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
വി.വി ജിനീഷ് അധ്യക്ഷനായി. സുരേഷ് ചീനിക്കല്‍, ടി.കെ ബാലന് മൂലാട്, ടി.എം കുമാരന്, എം.എസ് ബാബു, ജിമിനേഷ് കൂട്ടാലിട, ദിലീഷ് കൂട്ടാലിട, മനോജ് കണ്ടിയില്‍, യു.എം രമേശന്, വാളിയില്‍ ഷാജി, സി. വിജയന്, അജയന് പുളിയോട്ട്മുക്ക്, എം. സതീഷ്, വി.കെ ജോബി, ശ്രീലേഷ് കൂട്ടാലിട, ലിനീഷ് നരയംകുളം, ബിജു കൊളക്കണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."