ഗാന്ധിജയന്തി വാരാചരണം: 5,000 കര്‍മസേന രംഗത്തിറങ്ങും
കോഴിക്കോട്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ 5,000 പേരുടെ കര്‍മസേന രംഗത്തിറങ്ങും. പ്രളയാനന്തര പുനര്‍നിര്‍മാണം-പ്രകൃതി സംരക്ഷണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൂടാതെ ഏയ്ഞ്ചല്‍സും ജില്ലാ ദുരന്തനിവാരണ വിഭാഗവും ചേര്‍ന്നു പ്രദേശിക ദുരന്തനിവാരണ സേന രൂപീകരിച്ച് പരിശീലനം നല്‍കുന്ന മാതൃകാ പദ്ധതിക്കു സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ തുടക്കം കുറിക്കും.
കനോലി കനാല്‍ നവീകരണത്തിന്റെ അടുത്തഘട്ടം കോര്‍പറേഷന്‍ ആരോഗ്യവിഭാഗവും ടൂറിസം വകുപ്പും സംയുക്തമായി നടത്തും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും പരിസരങ്ങളിലും വാരാചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ബോധവല്‍ക്കരണ ശില്‍പശാല, ദേശീയപാത ആറു വരി ആക്കുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ക്ക് പകരം പുതിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, സാക്ഷരതാ സി.ഡി എല്ലാ വിദ്യാലയങ്ങളിലും പ്രദര്‍ശിപ്പിക്കല്‍, ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍, തകര്‍ന്ന റോഡുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍, ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍ നദീതീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഫ്‌ളഡ് മാപ്പിങ് തുടങ്ങിയവയും വാരാഘോഷത്തിന്റെ ഭാഗമായി നടക്കും.മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിക്കുന്ന ബാലികാസദനം അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ട് ജില്ലാതല പരിപാടി ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിനു രാവിലെ ഒന്‍പതിന് മന്ത്രി ടി.പി രാമകൃഷ്ണന്‍ എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."