യുറേനിയം സമ്പുഷ്ടീകരണ പരിധി ഉടന്‍ മറികടക്കുമെന്ന് ഇറാന്‍
തെഹ്‌റാന്‍: യുറേനിയം സമ്പുഷ്ടീകരിക്കുന്നതിന്റെ പരിധി ഉടന്‍ മറികടക്കുമെന്ന് ഇറാന്‍. 2015ലെ ആണവകരാറിനോടുള്ള പ്രതിബദ്ധത പുലര്‍ത്താന്‍ കരാറിലൊപ്പിട്ട യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറാവാത്ത പശ്ചാത്തലത്തിലാണ് ഇതെന്ന് ഉപ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖി പറഞ്ഞു.
കരാറില്‍ നിന്ന് ഒരുവര്‍ഷം മുമ്പേ പിന്‍മാറിയ യു.എസ് ഇറാനെതിരേ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കരാറിലൊപ്പിട്ട ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യ, ചൈന എന്നിവയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കിയ ഇറാന്‍ അതിന് 60 ദിവസത്തെ സമയപരിധി വച്ചിരുന്നു.
സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ യു.എന്‍ അനുവദിച്ച 3.67 ശതമാനത്തിലധികം യുറേനിയം സമ്പുഷ്ടീകരിക്കുന്നത് മണിക്കൂറുകള്‍ക്കകം ആരംഭിക്കുമെന്ന് അറാഖി പറഞ്ഞു. അഞ്ച് ശതമാനമായി വര്‍ധിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
90 ശതമാനമാണ് ആണവായുധം നിര്‍മിക്കാനുള്ള അളവ്. രാജ്യത്തിന് ആവശ്യമെന്ന് തോന്നുന്നത്ര യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും 2015ലെ കരാറില്‍ പറഞ്ഞ പരിധിക്കപ്പുറം സമ്പുഷ്ടീകരിക്കാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഇറാന്‍ ആണവോര്‍ജ വക്താവ് ബെഹ്‌റോസ് കമാല്‍വന്‍ദി പറഞ്ഞു. ഇറാന്റെ നടപടി അതീവ അപകടകരമാണെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്. ഇറാന്‍ ആണവായുധത്തിലേക്കുള്ള പ്രയാണം തുടങ്ങിയെന്ന് ഊര്‍ജമന്ത്രി യുവാല്‍ സ്റ്റെയിന്റ്‌റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."