വേനലവധി അവസാനത്തില്‍; സ്‌കൂള്‍ വിപണി സജീവം
കല്‍പ്പറ്റ: വേനലവധി തീരാറായപ്പോള്‍ വയനാട്ടില്‍ സ്‌കൂള്‍ വിപണി സജീവമായി. അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ ഉല്‍പന്നങ്ങള്‍ വാങ്ങിക്കാനുള്ള തിരക്കിലാണ്.
രക്ഷിതാക്കള്‍ക്ക് ആശ്വാസമേകി കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ് മാര്‍ക്കറ്റുകളും തുറന്നിട്ടുണ്ട്. ബാഗ്, ടിഫിന്‍ ബോക്‌സ്, കുടകള്‍, നോട്ട് പുസ്തകങ്ങള്‍ യൂനിഫോം എന്നിവക്കാണ് സ്‌കൂള്‍ തുറക്കുന്നതോടെ ആവശ്യക്കാരേറുന്നത്. യു.കെ.ജി, എല്‍.കെ.ജി, എല്‍.പി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ബാഗുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. 250 രൂപ മുതല്‍ വിലയുള്ള ബാഗുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കുടകളുടെ വില 200 രൂപ മുതലാണ് ആരംഭിക്കുന്നത്. സ്‌കൂള്‍ സാമഗ്രികളുടെ വിലക്കയറ്റം സാധാരണക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. സഹകരണ സംഘങ്ങള്‍ കാര്യക്ഷമമായി വിപണിയില്‍ ഇടപ്പെടുന്നത് രക്ഷിതാക്കള്‍ക്ക് ആശ്വാസമേകുന്നുണ്ട്. ജില്ലയിലുടനീളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും സഹകരണ സംഘങ്ങളിലും ആരംഭിച്ചിട്ടുള്ള സ്റ്റുഡന്റ് മാര്‍ക്കറ്റുകളിലെ 10 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള വിലക്കുറവ് സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. എന്നാല്‍ യൂനിഫോം തുണിത്തരങ്ങളും നോട്ട് പുസ്തകങ്ങളും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അനധികൃത വില്‍പ്പന നടത്തുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. ഈ രീതിയില്‍ കച്ചവടം കൂടുതലും നടക്കുന്നത് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചെന്നാണ് ആരോപണമുയരുന്നത്. പൊതു വിപണിയെക്കാള്‍ കൂടിയ വില ഈടാക്കിയാണ് മിക്ക സ്‌കൂളുകളിലും പഠന സാമഗ്രികള്‍ വില്‍ക്കുന്നതെന്ന് നേരത്തേ പരാതികള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."