ബുറേവി ചുഴലിക്കാറ്റ്: നാവിക വ്യോമസേനകള്‍ സജ്ജം; കേരളം അതീവ ജാഗ്രതയില്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട'ബുരേവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍ അറിയിച്ചു.
മറ്റന്നാളാണ് ബുരേവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നുപോകുക. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രിയുമായി വിലയിരുത്തിയിട്ടുണ്ട്. 2849 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വരും മിക്കൂറിലാണ് കാറ്റിന്റെ വേഗത വ്യക്തമാകുക.
കടല്‍ പ്രക്ഷുബ്ദമാകും. ഏഴുജില്ലകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും. മലയോരങ്ങളില്‍ മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
മീന്‍ പിടുത്തത്തിന് ശനിയാഴ്ചവരേ വിലക്കുണ്ട്. ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ധ അനുമാനം.
കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബര്‍ 4ന് പുലര്‍ച്ചെ തെക്കന്‍ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി തന്നെ കേരളത്തിലേക്കും പ്രവേശിക്കാനിടയുണ്ട്.
എന്‍ഡിആര്‍എഫിന്റെ എട്ട് ടീമുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എയര്‍ഫോഴ്സിന്റെ സജ്ജീകരണങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.
നിലവില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര; കൊല്ലം ജില്ലയിലെ കല്ലട; ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള; പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി; വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നിട്ടുണ്ട്.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭയാശങ്ക വേണ്ടതില്ല. അസാധാരണമായ ചുഴലിക്കാറ്റ് രൂപീകരണം ആയതുകൊണ്ടുതന്നെ കൃത്യമായ സഞ്ചാരപഥത്തെ കുറിച്ച് കൂടുതല്‍ വ്യക്തത അടുത്ത മണിക്കൂറുകളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത സംസ്ഥാനത്ത് ആവശ്യമാണ്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍, പോസ്റ്റുകള്‍, വൈദ്യുത ലൈനുകള്‍ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങളെയും പ്രതീക്ഷിക്കണം. ഇത്തരത്തിലുള്ള എല്ലാ അപകട സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് സ്വീകരിക്കേണ്ടത്. മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകള്‍ ബലപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കില്‍ റേഡിയോ, ചാര്‍ജ്ജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങള്‍ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും.
പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3ാം തീയതി മുതല്‍ 5ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ഡിസംബര്‍ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.5 ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.
2020 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, 2020 ഡിസംബര്‍ 3 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, 2020 ഡിസംബര്‍ 4 ന് തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 ാാ വരെയും മഴ ലഭിക്കാനുള്ള സാധ്യതയാണിത് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം പാലിക്കുക
കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."