മത്സ്യമേഖലയിലെ സര്‍ക്കാര്‍ പദ്ധതികളില്‍ വന്‍ മുന്നേറ്റം; ഭവനപദ്ധതിയില്‍ 719 ഗുണഭോക്താക്കള്‍
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ വിവിധ ഭവനപദ്ധതികള്‍ക്കായി സര്‍ക്കാര്‍ ജില്ലയില്‍ കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് 12.23 കോടി രൂപ. ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതിയില്‍ 719 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങി വീടു നിര്‍മിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 5.04 കോടി രൂപ അനുവദിച്ചു. 84 ഗുണഭോക്താക്കളാണ് ഈ പദ്ധതിയിലുള്ളത്. വീടു നിര്‍മിക്കാനുള്ള പ്രത്യേക പദ്ധതിയില്‍ 192 ഗുണഭോക്താക്കളില്‍ 150 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും 42 പേര്‍ക്ക് നാല് ലക്ഷം രൂപ വീതവും ആകെ 4.68 കോടി രൂപ ഫിഷറീസ് വകുപ്പ് നല്‍കുന്നു. അമ്പതിനായിരം രൂപ വീതം ധനസഹായം നല്‍കുന്ന ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 396 ഗുണഭോക്താക്കളാണുള്ളത്. 1.98 കോടി രൂപയാണ് ഈ വിഭാഗത്തില്‍ അനുവദിച്ചത്.
ഫിഷറീസ് കോളനികളില്‍ വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ 20 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. പുനര്‍വൈദ്യുതീകരണ പദ്ധതി പ്രകാരം ജില്ലയില്‍ 704 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് 20,000 രൂപ വീതം 1.44 കോടി രൂപ അനുവദിച്ചു.
ട്രോളിങ്ങ് നിരോധനം മൂലം കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ട 1813 മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിച്ചു നല്‍കുന്നതിനായി 51953 രൂപ സര്‍ക്കാര്‍ ജില്ലയില്‍ ചെലവഴിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കടലോര മേഖലയില്‍ 16,150 പേരെയും ഉള്‍നാടന്‍ മേഖലയില്‍ 6,138 പേരെയും അംഗങ്ങളായി ചേര്‍ത്തു.
ജില്ലയില്‍ ചെല്ലാനം, കുമ്പളങ്ങി, ഉദയംപേരൂര്‍, കുഴുപ്പളളി, ഏഴിക്കര, പനങ്ങാട്, ഇടക്കൊച്ചി തുടങ്ങിയ ഏഴ് മത്സ്യ ഗ്രാമങ്ങളില്‍ സൗജന്യ മെഡിക്കല്‍ കാംപുകള്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ചു. വിവിധ വികസനപദ്ധതികളുടെ ഭാഗമായി മത്സ്യകൃഷി നഷ്ടപ്പെട്ടവര്‍ക്കും ഊന്നിവലകളുടെ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളും കഴിഞ്ഞ വര്‍ഷം വേഗമാര്‍ജിച്ചു.
ദേശീയ ജലപാത മൂന്നിന്റെ വികസനത്തിനായി നീക്കം ചെയ്യപ്പെട്ട ജില്ലയിലെ ഊന്നിവലകളുടെ ഉടമകള്‍ക്കായി 1.05 കോടി രൂപ അനുവദിച്ചു. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള മത്സ്യസമൃദ്ധി പദ്ധതിയില്‍ 91 തദ്ദേശസ്ഥാപനങ്ങള്‍ പങ്കാളികളായി. നൂതന മത്സ്യക്കൃഷിയുടെ ഭാഗമായി 53 കര്‍ഷകരും ബ്‌ളൂ റെവല്യൂഷന്‍ പദ്ധതിയുടെ ഭാഗമായി 125 കര്‍ഷകരും ജില്ലയില്‍ മത്സ്യക്കൃഷി ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."