പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്: നീതി നിഷേധമെന്ന്
പടിഞ്ഞാറത്തറ: 1994ല്‍ കേരളാ ഗവര്‍ണമെന്റ് 10 കോടി അനുവദിച്ച് 70ശതമാനം പണി പൂര്‍ത്തീകരിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാതയോട് കാണിക്കുന്ന അവഗണന സംസ്ഥാന ഗവര്‍ണമെന്റ് അവസാനിപ്പിച്ചില്ലെങ്കില്‍ അത് കടുത്ത നീതി നിഷേധമാകുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി.
വര്‍ഷം തോറും കാലവര്‍ഷക്കെടുതിയില്‍ ദിവസങ്ങളോളം ഒറ്റപ്പെടുന്ന വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനമാണിത്. കുറഞ്ഞ ചെലവില്‍ ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന റോഡാണിത്. 50 കോടി രൂപയില്‍ താഴെ മാത്രം ചെലവ് പ്രതീക്ഷിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡിന് പ്രഥമ പരിഗണന നല്‍കി ഡി.പി.ആര്‍ തയാറാക്കി കേന്ദ്ര ഗവര്‍ണമെന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ സംസ്ഥാന ഗവര്‍ണമെന്റ് ഉടന്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രളയ ദുരിതത്തില്‍ താമരശേരി, പക്രന്തളം, പാല്‍ചുരം, നെടുംപൊയില്‍, പേര്യ റോഡുകള്‍ അടഞ്ഞിട്ടും പൂഴിത്തോട് റോഡിന്റെ കാര്യത്തില്‍ വയനാട്ടിലെ ജനപ്രതിനിധികളും പേരാമ്പ്ര എം.എല്‍.എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണന്‍, കേരള സര്‍ക്കാര്‍ എന്നിവര്‍ മൗനം പാലിച്ചു.
വര്‍ഷങ്ങളായി ഈ റോഡിന് നേരെ പുലര്‍ത്തുന്ന അവഗണന ഏതോ ലോബിക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ ഇപ്പോള്‍ സംശയിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.
കണ്‍വന്‍ഷന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം ജോസഫ് അധ്യക്ഷനായി.
ടി.പി കുര്യാക്കോസ്, അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍, ബിജു അലക്‌സ്, കെ.വി റോയി, വില്‍സണ്‍ നെടുംകൊമ്പില്‍, സുനില്‍ അഗസ്റ്റിന്‍, പി.സി. സെബാസ്റ്റ്യന്‍, ജോയി തോമസ്, സതീഷ് പോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."