അര്‍ഹതയുണ്ടായിട്ടും ദുരിതാശ്വാസ സഹായം ലഭിക്കാതെ ഒരു കുടുംബം
മാനന്തവാടി: പ്രളയക്കെടുതിയില്‍ വീടിന് പിറകില്‍ മണ്ണിടിഞ്ഞ് വീണ് ദുരിതത്തിലായിട്ടും യാതൊരു സഹായവും ലഭിച്ചില്ലന്നാരോപണം.
പൊരുന്നന്നൂര്‍ വില്ലേജില്‍പ്പെട്ട പുലിക്കാട് വാറപ്പടവില്‍ ജോസിനാണ് കുടുംബത്തോടൊപ്പം ഒരാഴ്ചയോളം വീട് വിട്ട് താമസിക്കേണ്ടി വന്നിട്ടും സഹായം ലഭിക്കാത്തത്.നഷ്ടം വിലയിരുത്താന്‍ വില്ലേജ് അധികാരികള്‍ സ്ഥലത്ത് പരിശോധന പോലും നടത്താതെയാണ് ഇയാളുടെ അപേക്ഷ തള്ളിയതായി ആരോപണമുയര്‍ന്നത്. ഓഗസ്റ്റ് 15 നുണ്ടായ ശക്തമായ മഴയിലാണ് ജോസിന്റെ വീടിന്റെ പിറക് വശത്ത് മണ്ണിടിച്ചിലുണ്ടായത്.
വീടിന്റെ അടുക്കളഭാഗം വരെ മണ്ണ് വന്ന് വീണതോടെ വില്ലേജ് ഓഫിസറുടെ നിര്‍ദേശ പ്രകാരം ചെറുകര സ്‌കൂളിലെ ദുരിതാശ്വാ കാംപിലേക്ക് താമസം മാറുകയായിരുന്നു.
പിന്നീട് എട്ട് ദിവസം കഴിഞ്ഞാണ് വീട്ടില്‍ ഭീതിയോടെ താമസമാരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പൊരുന്നന്നൂര്‍ വില്ലേജ് ഓഫിസിലെത്തി നിര്‍ദ്ദിഷ്ട ഫോറത്തില്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയോ നഷ്ടത്തിന്റെ കണക്ക് പരിശോധിക്കാന്‍ അധികൃതരോ എത്താതെ വന്നതോടെ വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ഇയാള്‍ക്ക് ഓഫിസില്‍ നിന്നും ലഭിച്ചത്.
നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ എന്റെ ജോലി തെറിപ്പിക്കുമെന്ന് ചിലര്‍ അറിയിച്ചെന്നും അതുകൊണ്ട് ആനുകൂല്യം തരാന്‍ കഴിയില്ലെന്നുമായിരുന്നു വില്ലേജ് ഓഫിസറുടെ മറുപടിയെന്ന് ജോസ് പറയുന്നു.
ഇതേ തുടര്‍ന്ന് ജോസ് മാനന്തവാടി തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരിക്കുയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."