HOME
DETAILS

ഒരുരാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തിന് വെല്ലുവിളി

  
backup
December 03 2020 | 01:12 AM

kugvhmjb-j-2020

 


ലോകത്ത് പാര്‍ലമെന്ററി ജനാധിപത്യം വലിയ പരുക്കുകളില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇന്ത്യ. മറ്റു പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ ഒരു മാതൃകയായി കണക്കാക്കപ്പെടുന്നുമുണ്ട്. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും മറ്റു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും ഭരണഘടനാപരമായി തന്നെ കൃത്യസമയത്ത് ഇവിടെ തെരഞ്ഞെടുപ്പ് നടന്നുവരികയാണ്. ഓരോ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത രീതിയിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. പാര്‍ലമെന്റും നിയമസഭയും പഞ്ചായത്ത് -മുനിസിപ്പല്‍ കൗണ്‍സിലുകളുമെല്ലാം വ്യത്യസ്ത സ്വഭാവത്തോടുകൂടിയതായതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്. മൂന്നു തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കുവാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ആലോചിക്കാന്‍ പോലും കഴിയുന്ന ഒന്നല്ല. പാര്‍ലമെന്റ്- നിയസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തല്‍ ഇന്ത്യന്‍ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കലാകുകയും ചെയ്യും.


നിമയസഭകളിലേക്കും പാര്‍ലമെന്റിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ പറ്റിയവിധം സ്വതന്ത്രവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് നടത്തുക യഥാര്‍ഥ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ വയ്യാത്ത കാര്യമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, തെരഞ്ഞെടുപ്പുകള്‍ പൂര്‍ണമായും നിഷ്പക്ഷബുദ്ധിയോടുകൂടി നടത്തേണ്ടതാണ്. ഭരണഘടനയിലെ 324-ാം വകുപ്പ് മൂന്ന് അംഗങ്ങളുള്ള ഇലക്ഷന്‍ കമ്മിഷനെന്ന സ്വതന്ത്രസമിതിക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനും അതിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം നല്‍കിയിരിക്കുന്നു.


ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചാറുവര്‍ഷക്കാലമായി ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം എന്നീ മുദ്രാവാക്യങ്ങള്‍ മുഴങ്ങി കേള്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യം ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, മതിയായ പിന്തുണ ലഭിക്കാത്തതുകൊണ്ട് അദ്ദേഹം തന്നെ താല്‍ക്കാലികമായി പിന്നോട്ടുപോകുകയും ചെയ്തിരുന്നു.


ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും എടുത്തിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി രംഗത്തുവന്നിരിക്കുയാണ്. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്ക് വെവ്വേറെ വോട്ടര്‍പട്ടികയുടെ ആവശ്യമില്ലെന്നും ഒറ്റ പട്ടിക തയാറാക്കിയാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാമെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ നവംബര്‍ 26ലെ ഭരണഘടനാ ദിനത്തില്‍ സ്പീക്കര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.


നമ്മുടെ രാജ്യം വിവിധ ദേശീയതകളെ പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങളുടെ നാടാണ്. അതുകൊണ്ടുതന്നെയാണ് ഭരണഘടന ഫെഡറലിസത്തിന് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടേതായ പ്രത്യേകം പ്രത്യേകമായിട്ടുള്ള പ്രശ്‌നങ്ങളാണുള്ളത്. വളരെ സങ്കീര്‍ണവും സജീവവുമായ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഇവയെല്ലാം. ദേശീയ തെരഞ്ഞെടുപ്പുകളിലെ കാഴ്ചപ്പാടല്ല സംസ്ഥാന-പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്കുള്ളത്. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും പഞ്ചായത്ത്-തദ്ദേശ രാഷ്ട്രീയവും ജനകീയ ആവശ്യങ്ങളുമെല്ലാം തികച്ചും വിഭിന്നമാണ്. തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും തികച്ചും വിഭിന്നങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്. അതിനാല്‍ പ്രധാനമന്ത്രിയുടെ ആവശ്യത്തിന് യാതൊരു നീതീകരണവുമില്ല.


ഭരണഘടനാ ദിനത്തിലെ പ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരുതെരഞ്ഞെടുപ്പ് പ്രഖ്യാപനം വളരെ ബോധപൂര്‍വം നടത്തിയ ഒന്നാണ്. സര്‍ക്കാരും ഭരണകക്ഷിയും ഇതു നടപ്പിലാക്കുന്നതിനുവേണ്ടി ശക്തമായി തന്നെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതുപോലുള്ള ഭരണകക്ഷിയുടെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ജമ്മു കശ്മിര്‍ വിഭജനവും ആര്‍ട്ടിക്കിള്‍ 35 (എ) എടുത്തുകളയലും പൗരത്വ നിയമവും ശ്രീരാമക്ഷേത്ര ശിലാസ്ഥാപനവുമെല്ലാം ഇതിനകം നടന്നുകഴിഞ്ഞിരിക്കുയാണ്. ബി.ജെ.പിയുടെ അജന്‍ഡയിലെ മുഖ്യപരിപാടിതന്നെയാണ് ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നുള്ളത്.


ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലംമുതല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യം നടപ്പില്‍വരുത്താനുള്ള ശ്രമങ്ങള്‍ ഭരണകക്ഷി ആരംഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ ആദ്യയോഗത്തില്‍ ബിജുജനതാദള്‍ ഒഴികെ മറ്റാരും ഇതിനെ അനുകൂലിച്ചില്ല. അതിനാല്‍ ഭരണകക്ഷി തല്‍ക്കാലം പുറകോട്ട് പോയി. തീവ്രദേശീയതയാണ് ബി.ജെ.പിയെ നയിക്കുന്ന ആര്‍.എസ്.എസ് ഉയര്‍ത്തിക്കാട്ടുന്നത്. ഒരു മതവും ഒരു ഭാഷയും ഒരു നേതാവും എന്നതുപോലെ തന്നെ ഒരുരാജ്യവും ഒരു തെരഞ്ഞെടുപ്പും ഇവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ഫെഡറലിസത്തിന്റെ സ്പിരിറ്റ് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരാവകാശങ്ങള്‍ നമ്മുടെ രാജ്യത്ത് ലഭിക്കുന്നില്ല. എങ്കിലും ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഫെഡറലിസമാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സമയങ്ങളിലാണ് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ, വികസന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണാധികാരികളെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഇന്ന് ഭരണഘടനയുടെ ഭാഗമാണ്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് - മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ആ സംസ്ഥാനങ്ങളിലെ സൗകര്യമനുസരിച്ച് പല സമയങ്ങളിലാണ് നടക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുക എന്നുള്ളത് ഒരിക്കലും പ്രായോഗികമായ ഒന്നല്ല. വോട്ടര്‍പട്ടിക തയാറാക്കുന്നതിനുള്ള സമയവും ജോലിഭാരവും സാമ്പത്തിക ബാധ്യതയും മാത്രം പരിഗണിച്ച് ഈ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഒറ്റ തെരഞ്ഞെടുപ്പ് ആവശ്യം ഭരണകൂടം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അത് രാജ്യത്തെ വിവിധ ദേശീയ ജനവിഭാഗങ്ങളോടുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരിക്കും.


ഇന്ത്യന്‍ ജനാധിപത്യം ഇന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും നേരെയാണ് ഭരണകക്ഷി വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാത്രമേ ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിനെയും കാണാന്‍ കഴിയുകയുള്ളൂ. രാജ്യത്തെ ജനാധിപത്യപ്രസ്ഥാനങ്ങളാകെ ഈ ജനവിരുദ്ധനയത്തിനെതിരേ ശക്തമായി രംഗത്തുവരേണ്ട സമയമാണിതെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  14 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago