നാടും നഗരവും തെരുവ് നായ്ക്കള്‍ കൈയ്യടക്കി; ജനം ഭീതിയില്‍
തൊടുപുഴ: നാടും നഗരവും തെരുവ് നായ്ക്കള്‍ കൈയ്യടക്കി. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ തുരുവനന്തപുരത്ത് തെരുവുനായ്ക്കള്‍ മനുഷ്യനെ കടിച്ചു കീറി കൊന്നതുപോലുള്ള സംഭവങ്ങള്‍ ഇവിടേയും ആവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു.
തെരുവുനായ്ക്കള്‍ അഴിഞ്ഞാടുമ്പോള്‍ അവയെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ല. നഗര - ഗ്രാമ ഭേതമന്യേ അലഞ്ഞുതിരിയുന്ന നായ്ക്കളെക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. കഴിഞ്ഞ ദിവസം തൊടുപുഴ ടൗണില്‍ വഴിയാത്രക്കാരെ തെരുവുനായ്ക്കള്‍ പട്ടാപ്പകല്‍ കടന്നാക്രമിച്ചിരുന്നു. പുറപ്പുഴ, കീരീകോട് മേഖലകളില്‍ കോഴികളെയും ആടുകളെയും തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊല്ലുന്നത് നിത്യ സംഭവമായിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 1,406 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായാണ് അനൗദ്യോഗിക കണക്ക്.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് പദ്ധതി തയാറാക്കേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്. പദ്ധതി തയാറാക്കിയപ്പോള്‍ ഇതിനുള്ള പ്രത്യേക വിഹിതവും മിക്ക സ്ഥാപനങ്ങളും നീക്കി വെച്ചിട്ടുണ്ട്. എന്നാല്‍, പദ്ധതി നടപ്പാകുന്നില്ലെന്നു മാത്രം. കുടുംബശ്രീയെ നിര്‍വഹണ ഏജന്‍സിയാക്കി നിശ്ചയിച്ച് ജില്ലാപഞ്ചായത്താണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഒരുലക്ഷം രൂപ വീതവും നഗരസഭകള്‍ രണ്ടുലക്ഷം രൂപ വീതവും തെരുവുനായ വംശവര്‍ധനവിനെതിരായ പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന് കൈമാറിയത് ഇനിയും വിനിയോഗിക്കപ്പെട്ടിട്ടില്ല.
പ്രത്യേക പരിശീലനം സിദ്ധിച്ച കുടുംബശ്രീ അംഗങ്ങള്‍ പിടികൂടുന്ന തെരുവുനായ്ക്കളെ മതിയായ സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തിച്ച് വന്ധ്യംകരണത്തിന് വിധേയമാക്കാനാണ് ലക്ഷ്യമിട്ടത്. തുടര്‍ന്ന് അവയെ പിടികൂടിയ സ്ഥലങ്ങളില്‍ തന്നെ ഉപേക്ഷിക്കും. എന്നാല്‍, നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ പോലും ജില്ലയില്‍ സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍പോലും ഇതിന് സംവിധാനമില്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം തൊടുപുഴയിലെ വെറ്ററിനറി ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്താമെന്ന് കഴിഞ്ഞ ആഴ്ച അധികൃതര്‍ അറിയിച്ചിട്ടുണ്ടത്രെ. എങ്കിലും കട്ടപ്പന പോലുള്ള ദൂരസ്ഥലങ്ങളില്‍ നിന്നും പിടികൂടുന്ന നായ്ക്കളെ തൊടുപുഴയില്‍ എത്തിച്ച് വന്ധ്യംകരിക്കുക അപ്രായോഗികമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."