കര്‍ണാടക: സ്വതന്ത്ര എം.എല്‍.എ നാഗേഷ് രാജിവെച്ചു; ഭീഷണിയുമായി രണ്ടു കോണ്‍ഗ്രസ് എം.എല്‍എമാര്‍ കൂടി
ബെംഗളുരു: കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി. സ്വതന്ത്ര എം.എല്‍.എ എച്ച്. നാഗേഷും രാജിവെച്ചു.
മന്ത്രിസ്ഥാനവും രാജിവെച്ച അദ്ദേഹം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഗവര്‍ണറെ കണ്ടാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. നാഗേഷ് ഇപ്പോള്‍ രാജ്ഭവനില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 എം.എല്‍.എമാരുടെ പിന്തുണയാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാറിന് നഷ്ടപ്പെട്ടിരിക്കുന്നത്.
നേരത്തെ എച്ച്. നാഗേഷിനെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കിക്കൊണ്ട് ജെ.ഡി.എസ്‌കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ചാണ് അദ്ദേഹം പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
സര്‍ക്കാരിനെ വീഴ്ത്താന്‍ ഓപ്പറേഷന്‍ കമലയുമായി ബി.ജെ.പി ആദ്യം ശ്രമിച്ചപ്പോള്‍ അതിനൊപ്പം നിന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നാഗേഷ് ഒരുമാസം മുമ്പാണ് ഭരണപക്ഷത്തിനൊപ്പം ചേര്‍ന്ന് മന്ത്രിയായത്. ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയാല്‍ പിന്തുണക്കുമെന്നും എച്ച്. നാഗേഷ് കത്ത് മുഖേന അറിയിച്ചിട്ടുണ്ട്.
കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റഹീം ഖാനും ഉടന്‍ രാജിനല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച റഹീം ഖാന്‍ തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്നും പരിഹാരമായില്ലെങ്കില്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനാകുമെന്നും പിടിഐയോട് അദ്ദേഹം പറഞ്ഞു.
കെ.സി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടി നേരിട്ട ശിവാജിനഗര്‍ എം.എല്‍.എ റോഷന്‍ ബെയ്ഗും റിബല്‍ ക്യാമ്പുമായി ബന്ധപ്പെടുന്നുണ്ട്. ബെയ്ഗും കൂടി രാജി രാജിവച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. രാജിനല്‍കിയവരുടെ രാജിക്കത്തുകള്‍ ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല.
അതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ വിമത എം.എല്‍.എമാര്‍ നിര്‍ദേശിച്ച പ്രകാരം മന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒരുങ്ങുകയാണ് നേതൃത്വമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്നുമാണ് പരമേശ്വര പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."