തൊടുപുഴ നഗരസഭ വികസന സെമിനാര്‍: ലക്ഷ്യമിടുന്നത് 10.5 കോടി രൂപയുടെ വികസനം
തൊടുപുഴ: തൊടുപുഴ നഗരസഭ 13-ാം പഞ്ചവത്സര പദ്ധതി പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി ആന്റണി വിഷയം അവതരിപ്പിച്ചു.
നഗരസഭയുടെ തനതുവരുമാനം 70 ലക്ഷം രൂപയും സര്‍ക്കാര്‍ വിഹിതമായ 4.44 കോടി രൂപയും ധനകാര്യ കമ്മിഷന് അവാര്‍ഡായ 5.33 കോടിയും എസ്സിഎസ്ടി ഫണ്ടായ 80 ലക്ഷവും ചേര്‍ത്ത് 10.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ലക്ഷ്യമിട്ടിട്ടുള്ളത്. റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 2.17 കോടി യും നഗരസഭയ്ക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ വികസനത്തിന് 1.15 കോടി രൂപയും ലക്ഷ്യമിടുന്നു. ഇതില്‍ ആശ്രയ പദ്ധതിക്ക് 10 ലക്ഷവും എസ്എസ്എയ്ക്ക് 11 ലക്ഷവും പാലിയേറ്റീവ് പദ്ധതിക്ക് എട്ടു ലക്ഷവും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിന് 11 ലക്ഷം രൂപയും നിര്‍ബന്ധമായും വകയിരുത്തി.
വൈസ് ചെയര്മാന് ടി.കെ സുധാകരന് നായര്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റിനി ജോഷി, സുമമോള്‍ സ്റ്റീഫന്‍, കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറി ടി.ജെ. അജേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."