അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രജനി; പ്രഖ്യാപനം ഡിസംബര്‍ 31ന്; ജനുവരിയില്‍ പാര്‍ട്ടി
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമം. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്ന് രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കും. വര്‍ഷങ്ങളായി നീണ്ടുനിന്ന ഉഹാപോഹങ്ങള്ക്കാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിരാമമിട്ടിരിക്കുന്നത്.
രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വാര്‍ത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബുധനാഴ്ച രജനീകാന്ത് അറിയിച്ചിരുന്നു.
'ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായം അറിയിച്ചുകഴിഞ്ഞു. ഞാന്‍ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അവരുടെ തീരുമാനം. എന്റെ തീരുമാനം എത്രയും വേഗം നിങ്ങളെ അറിയിക്കുന്നതാണ്.' ബുധനാഴ്ച പയസ് ഗാര്‍ഡനിലെ വീട്ടില്‍വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. നടന് ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
എസ്.ഗുരുമൂര്‍ത്തി വഴിയായിരുന്നു അമിത് ഷാ രജനീകാന്തിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."