ശിവശങ്കര്‍ തുടര്‍ച്ചയായി കള്ളം പറയുന്നെന്ന് കസ്റ്റംസ് കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തുടര്‍ച്ചയായി കള്ളം പറയുന്നെന്ന് കസ്റ്റംസ്. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സത്യം പറയുന്നില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഇപ്പോള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഭാര്യയാണ് ഫോണുകള്‍ കൈമാറിയത്. എന്നാല്‍ ദീര്‍ഘസമയം ചോദ്യം ചെയ്തിട്ടും ഈ ഫോണുകളെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാത്തത് സത്യം മറച്ചുവെക്കാനാണെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഉന്നത സ്ഥാനത്തിരുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വാദിച്ചാണ് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തത്.
അറസ്റ്റ് ഒഴിവാക്കാന്‍ ശിവശങ്കര്‍ അസുഖം അഭിനയിച്ചുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ ചികിത്സ തേടി.
ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ നിരവധി തവണ പ്രതികളുടെ കൂടെ വിദേശത്ത് പോയിട്ടുണ്ട്. അതിനാല്‍ ശിവശങ്കറിന്റെ വിദേശബന്ധം അന്വേഷിക്കണം. വിദേശത്തും കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
എന്നാല്‍ മൊഴികള്‍ക്കുപരി കൂടുതല്‍ തെളിവുണ്ടെങ്കില്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7ലേക്ക് മാറ്റി. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."