മെഡിക്കല്‍ കോളജില്‍ മൂന്നാലിംഗക്കാര്‍ക്കായി പ്രത്യേക ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു
ആര്‍പ്പൂക്കര: മൂന്നാം ലിംഗശേഷി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കായി പ്രത്യേക ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിലാണ് ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ 11 ന് മെഡിക്കല്‍ കോളജ് പി.ടി.എ ഹാളില്‍ ഒ.പിയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ ജഡ്ജി ശാന്തകുമാരി നിര്‍വഹിച്ചു.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് മൂന്നാംലിംഗ ശേഷിക്കാര്‍ക്കായി ആശുപത്രിയില്‍ പ്രത്യേക ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് സംഘാടനകരായ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
ജനറള്‍ മെഡിസിന്‍ , മനോരോഗം, ത്വക്ക് രോഗം, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളിലേ ഡോക്ടര്‍മാരുടെ സേവനം ഇവര്‍ക്കുലഭിക്കും.
എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച മാത്രമാണ് ഈ വിഭാഗം ഒ.പി പ്രവര്‍ത്തിക്കുക. കോട്ടയം ജില്ലയില്‍ തന്നെ 50 ഓളം മൂന്നാം ലിഗം ശേഷിയില്‍പ്പെട്ടവരുടെ ചികിത്സ നടക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.
മറ്റുള്ള രോഗികളോടൊപ്പം ഒപ്പിയില്‍ എത്തിയാല്‍ യാതൊരു വിധ പരിഗണനയും ലഭിക്കാതെ മറ്റുള്ളവരാല്‍ അപമാനിതരാകുന്നു എന്നതിനാലാണ് ഇവര്‍ക്കായി പ്രത്യേക ഒ.പി വിഭാഗം പ്രവര്‍ത്തിക്കുവാന്‍ തയ്യാറായത്.
ഈ വിഭാഗത്തിന്റെ ഒപി ദിവസം മറ്റുള്ള പ്രധാന വിഭാഗത്തിന്റെ സേവനം കൂടി ഇവിടെ ലഭിക്കുവാന്‍ വേണ്ട സംവിധാനം ഒരുക്കുമെന്ന് നോഡല്‍ ഓഫിസര്‍ ഡോ.സുവാന്‍ പറഞ്ഞു.
ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി എ അജാസ്, ആര്‍.എം.ഒ ഡോ. ആര്‍.പി രഞ്ജിന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. ലക്ഷ്മി ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."