സ്‌കൂളുകളില്‍ ശുചിത്വ ഓഡിറ്റിങ്ങിന് തുടക്കമായി
കൊല്ലം: പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ശുചിത്വ ഓഡിറ്റിങ്ങിന് തുടക്കമായി. സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടത്തുന്ന തീവ്രശുചീകരണ പരിപാടിയോടനുബന്ധിച്ചാണ് ശുചിത്വ ഓഡിറ്റിങ് നടത്തുന്നത്. ഹരിതകേരള മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
കൊല്ലം ടൗണ്‍ യു.പി സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ്. ഐസക്ക്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്. അജയകുമാര്‍, അധ്യാപകരായ പി. സജിനി, ഐഷ പ്രഭാകരന്‍, സൂസന്‍ ബര്‍ണാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും പ്രത്യേക അസംബ്ലിയും പ്രതിജ്ഞയും നടന്നു.
ശുചീകരണത്തിന്റെ പ്രാധാന്യവും മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറേണ്ടതിന്റെ അനിവാര്യതയും അസംബ്ലിയിലും ക്ലാസുകളിലും കുട്ടികളോട് വിശദീകരിച്ചു.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ വിവിധ സംഘങ്ങളായി തിരിച്ചാണ് ശുചിത്വ ഓഡിറ്റിംഗ് നടത്തുന്നത്. ഓരോ ഗ്രൂപ്പിനും സ്‌കൂളിന്റെ ഓരോ ഭാഗത്തെ നിരീക്ഷണത്തിന്റെയും മാലിന്യ ശേഖരണത്തിന്റെയും ചുമതല നല്‍കും. അധ്യാപകര്‍ക്കാണ് ഗ്രൂപ്പുകളുടെ ഏകോപനച്ചുമതല. സ്‌കൗട്ട്, ഗൈഡ്‌സ്, എന്‍.എസ്.എസ്, എസ്.പി.സി, സയന്‍സ് ക്ലബ്, നേച്ചര്‍ ക്ലബ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.
ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബുകള്‍, വരാന്ത, ശുചിമുറി, അടുക്കള, ടെറസ്, സ്‌കൂള്‍ വളപ്പ്, ജൈവവൈവിധ്യ ഉദ്യാനം, കളിസ്ഥലം തുടങ്ങിയ സ്ഥലങ്ങളെല്ലാം ഓഡിറ്റിംഗിന്റെ ഭാഗമായി നിരീക്ഷിച്ച് മാലിന്യങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കും.
കണ്ടെത്തുന്ന വസ്തുക്കള്‍, ജൈവഅജൈവ മാലിന്യങ്ങള്‍, ഇ-മാലിന്യങ്ങള്‍, രാസമാലിന്യങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളായി തരംതിരിക്കും. ഓഡിറ്റിംഗ് പൂര്‍ത്തിയാകുന്ന ഒക്‌ടോബര്‍ ഒന്നിന് മാലിന്യസംസ്‌കരണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കായി ശില്പശാല സംഘടിപ്പിക്കും. തുടര്‍ന്ന് മാലിന്യ സംസ്‌കരണത്തിന് നടപടികള്‍ സ്വീകരിക്കും. സംസ്‌കരണം പൂര്‍ത്തിയായതിന് ശേഷം സ്‌കൂള്‍ അസംബ്ലിയില്‍ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."