സ്റ്റേഡിയത്തിന് സമീപം മാലിന്യക്കൂമ്പാരം; യാത്രക്കാര്‍ ദുരിതത്തില്‍
കൊയിലാണ്ടി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. സ്റ്റേഡിയത്തിന്റെ തെക്ക് ഭാഗത്ത് റോഡിന് ഇരുവശമായാണ് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഇക്കൂട്ടത്തില്‍ ഏറെയും. നഗരസഭയിലെ കണ്ടിജന്‍സി തൊഴിലാളികള്‍ ഈ ഭാഗങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കാണിക്കുന്ന അലംഭാവംമൂലം ഈ വഴിയിലൂടെ നടന്നുപോകുന്നവരും ഇരുചക്രവാഹന യാത്രക്കാരും മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. മഴയത്ത് മാലിന്യങ്ങളില്‍ നിന്നും ഒലിച്ചിറങ്ങുന്ന ജലവും ദുരിതമുണ്ടാക്കുന്നുണ്ട്.
നഗരസഭാ ജീവനക്കാര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പകരം ഈ ഭാഗങ്ങളിലുള്ള മാലിന്യങ്ങള്‍ തീവെച്ചു നശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, താലൂക്ക് ആശുപത്രി, ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
നഗരത്തില്‍ മലമ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികൃതര്‍ നിസ്സംഗത കാണിക്കുന്നതിന്റെ തെളിവാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളാണെന്നാണ് ആക്ഷേപം. നഗരത്തില്‍ കാലവര്‍ഷത്തിന് മുന്‍പ് നടക്കേണ്ടിയിരുന്ന ക്ലീനിങ് പ്രവര്‍ത്തികള്‍ ഈ വര്‍ഷം നടത്താതിലും പരക്കെ ആക്ഷേപമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."