ദേശീയപാത ചേറ്റുവ: അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന്
ചാവക്കാട്: മഴ മാറിയിട്ടും ചേറ്റുവ, ചാവക്കാട് റോഡ് പൂര്‍ണമായും ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ അധികാരികള്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സേവ് എന്‍.എച്ച്.ജനകീയ സംരക്ഷണ സമിതി യോഗം.
സേവ് എന്‍.എച്ച് ഉയര്‍ത്തിയ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അധികാരികള്‍ നല്കിയ വാഗ്ദാനം പാലിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും കബളിപ്പിക്കലുമാണ്.
റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്ന പാലംകടവ് ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് ടൈല്‍ വിരിച്ച് റോഡുയര്‍ത്തി സഞ്ചാരയോഗ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പിലാക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല.
നിരന്തരം വാഗ്ദാന ലംഘനങ്ങള്‍ നടത്തി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് ബന്ധപ്പെട്ട അധികാരികള്‍ ചെയ്യുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തില്‍ അടിയന്തിര പരിഹാരത്തിന് അധികാരികള്‍ തയാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി കക്ഷിരാഷ്ട്രീയത്തിനതീതമായി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് സേവ് എന്‍.എച്ച്.ജനകീയ സംരക്ഷണ സമിതി നേതൃത്വം നല്‍കുമെന്നും യോഗം അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ചെയര്മാന് ഷറഫുദ്ദീന് മുനക്കകടവ് അധ്യക്ഷനായി. രക്ഷാധികാരി നൗഷാദ് തെക്കുംപുറം ഉദ്ഘാടനം ചെയ്തു, കണ്‍വീനര്‍ വി.പി സുബൈര്‍, പഞ്ചായത്ത് മെംബര്‍ വി. ഹംസക്കുട്ടി, വി.യു ഹുസൈന്, ഗില്‍ബര്‍ട്ട് മുത്തന്മാവ്, ഏ.സി ഷിഹാബ്, ഹുസൈന് ഹാഷ്മി, പി.കെ ഷഹിമോന്, വി. ഖലീല്‍ സമാന്, ഫൈസല്‍ ഉസ്മാന്, ജെയിസണ്‍ ആളൂര്‍, ത്വല്‍ഹത്ത് പടുങ്ങല്‍, കെ.വി അമീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."