ആധാര്‍ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി
ന്യൂഡല്‍ഹി: സുപ്രിംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് രാത്രി വൈകി സഭയില്‍ പാസാക്കിയെടുത്തത്.
വ്യക്തിയുടെ അനുവാദത്തോടെ മൊബൈല്‍ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കാനും സ്വകാര്യ വ്യക്തികള്‍ക്ക് ഡാറ്റ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതുമാണ് ഭേദഗതി. മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി വിധിയോടെ അസാധുവായ സാഹചര്യത്തിലാണ് പുതിയ ബില്‍.
സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും സബ്‌സിഡികളും കൈമാറാന്‍ മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്ന് സുപ്രിംകോടതി വിധിച്ചിരുന്നു.
ജൂലൈ നാലിന് ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭയിലെത്തിയത്. വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.
സര്‍ക്കാര്‍ ശക്തമായ ബില്ലാണ് കൊണ്ടുവന്നതെന്നും ക്ഷേമ പദ്ധതികളുടെയും മറ്റും നടത്തിപ്പിലെ അഴിമതി തടയാന്‍ ഉപകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."