HOME
DETAILS

മാന്ത്രികനില്ലാതെ മൂന്നര പതിറ്റാണ്ട്

  
backup
September 28 2018 | 06:09 AM

ch-mohammed-koya-memorial-artilce

സി.എച്ചില്ലാതെ മൂന്നര പതിറ്റാണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം കടുത്ത വെല്ലുവിളികളുടേയും പരീക്ഷണങ്ങളുടേയും കാലഘട്ടമായിരുന്നു അത്. ലീഗിന്റെ ശത്രുക്കള്‍ വര്‍ധിക്കുകയും അസൂയാലുക്കള്‍ ചുറ്റും കൂടുകയും ചെയ്ത പതിറ്റാണ്ടുകള്‍. പല സന്ദര്‍ഭങ്ങളിലും 'ഇപ്പോള്‍ സി.എച്ച് ഉണ്ടായിരുന്നെങ്കില്‍' എന്ന് നമ്മള്‍ ചിന്തിച്ചു പോയിട്ടുണ്ട്.

കേവലം 56 വര്‍ഷമേ സി.എച്ച് ജീവിച്ചുള്ളൂ. ജീവിക്കുന്ന വര്‍ഷങ്ങളല്ല വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ആ ധന്യ ജീവിതം. ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതിലപ്പുറം അദ്ദേഹം ചെയ്തു. വളരാവുന്നതിലപ്പുറം അദ്ദേഹം വളര്‍ന്നു. അന്ധകാരത്തില്‍ കഴിഞ്ഞ ഒരു സമൂഹത്തിന് പ്രകാശമേകി മെഴുകുതിരി കണക്കെ ഉരുകിത്തീര്‍ന്നു ആ ജീവിതം.

കര്‍മം കൊണ്ടും പ്രതിഭ കൊണ്ടും ചരിത്രത്തെ പൊന്നുപൂശിയ കോയാസാഹിബ് ഓര്‍മയില്‍ സൂക്ഷിക്കാന്‍, താലോലിക്കാന്‍ എത്രയെത്ര അനുഭവങ്ങള്‍ സമ്മാനിച്ചു.

1927 ജൂലൈ 15ന് അത്തോളിയില്‍ ആലി മുസ്‌ലിയാരുടേയും മറിയം ഹജ്ജുമ്മയുടേയും മകനായി ജനിച്ച സി.എച്ച് അത്തോളി എല്‍.പി സ്‌കൂള്‍, വേളൂര്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍, കൊയിലാണ്ടി ഹൈസ്‌കൂള്‍, സാമൂതിരി കോളജ് എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് 1945-ല്‍ പുറത്തിറങ്ങുന്നു. കോഴിക്കോട് മുനിസിപ്പല്‍ ഓഫിസില്‍ ക്ലാര്‍ക്കായി ജോലി തുടങ്ങുന്നു.

ഏറെ കഴിയും മുന്‍പ് സീതിസാഹിബും സത്താര്‍സേട്ടു സാഹിബും എം.എസ്.എഫിന്റെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനും പ്രസംഗകനുമായ സി.എച്ചില്‍ സര്‍ഗാത്മകത കണ്ടറിയുന്നു. ബാഫഖി തങ്ങളുടെ അറിവോടെ അവര്‍ സി.എച്ചിനെ ചന്ദ്രികയില്‍ സഹപത്രാധിപരായി നിയമിക്കുന്നു. കെ.വി അബ്ദുറഹിമാനായിരുന്നു പത്രാധിപര്‍. വി.സി അബൂബക്കര്‍ പ്രിന്ററും പബ്ലിഷറും. കെ.വി-വി.സി-സി.എച്ച് കൂട്ടുകെട്ടില്‍ ചന്ദ്രിക ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. എം.കെ അത്തോളി, മുഹമ്മദ്‌കോയ, മാളിയേക്കല്‍, സി.എച്ച് എന്നിങ്ങനെ വിവിധ പേരുകളിലായി സി.എച്ചിന്റെ കുറിപ്പുകളും പംക്തികളും ചന്ദ്രികയെ സമ്പന്നമാക്കി. 1946-ല്‍ സഹപത്രാധിപരായി എത്തിയ സി.എച്ച് 1949-ല്‍ കെ.വി അബ്ദുറഹിമാന്‍ ഫാറൂഖ് കോളജ് അധ്യാപകനായി പോയപ്പോള്‍ പത്രാധിപരായി.

 

1941-ല്‍ എം.എസ്.എഫ് പ്രവര്‍ത്തനം തുടങ്ങിയ സി.എച്ച് 1945-ല്‍ കുറുമ്പ്രനാട് താലൂക്ക് ലീഗ് ഓഫിസ് സെക്രട്ടറിയായിരുന്നു. 1962-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറിയുമായി.

സി.എച്ചിന്റെ കന്നിയങ്കം 1952-ല്‍ കോഴിക്കോട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലായിരുന്നു. കുറ്റിച്ചിറ വാര്‍ഡില്‍ നിന്ന് വിജയിച്ച് സി.എച്ച് കൗണ്‍സിലറായി. ക്ലാര്‍ക്കായി ജോലിചെയ്ത അതേ ഓഫിസില്‍ ഏഴു വര്‍ഷത്തിനു ശേഷം ഭരണാധികാരിയായി കയറിച്ചെന്നു. 1956-ല്‍ പരപ്പില്‍ വാര്‍ഡ് കൗണ്‍സിലറായും സി.എച്ച് തെരഞ്ഞെടുക്കപ്പെട്ടു.

കേരള നിയമസഭയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ 1957-ല്‍ താനൂരില്‍ നിന്ന് സി.എച്ച് ജയിച്ചു. മുസ്‌ലിംലീഗ് ഒറ്റയ്ക്ക് അന്ന് ഏഴു സീറ്റുകള്‍ നേടി. സി.എച്ചായിരുന്നു നിയമസഭാ കക്ഷിനേതാവ്.

പ്രഗത്ഭരായ പട്ടം താണുപിള്ളയും ഇ.എം.എസും പി.ടി ചാക്കോയും മാത്രമല്ല ശൈലീവല്ലഭന്‍ ജോസഫ് മുണ്ടശ്ശേരിയും ആംഗലേയ ഭാഷയില്‍ ചര്‍ച്ചിലിന്റേയും ലോയിസ് ജോര്‍ജിന്റേയും പിന്മുറക്കാരനായ വി.ആര്‍ കൃഷ്ണയ്യരും ചാട്ടുളിയുമായി ശത്രുവിനെ ആഞ്ഞുവീഴ്ത്താന്‍ കരുത്തനായിരുന്ന വെളിയം ഭാര്‍ഗവനും പരിഹാസത്തിന്റെ പൂത്തിരിയുമായി എതിരാളികളെ ഭസ്മീകരിക്കുന്ന തോപ്പില്‍ ഭാസിയുമൊക്കെ സഭയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് മുപ്പതുകാരനായ സി.എച്ച് എന്ന ചെറുപ്പക്കാരന്‍ പാര്‍ട്ടി നേതാവെന്ന നിലയില്‍ സഭയില്‍ തിളങ്ങിയത്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ആര്‍. ശങ്കരനാരായണന്‍ തമ്പിയെ അനുമോദിച്ചുകൊണ്ട് പാര്‍ട്ടി നേതാക്കളുടെ പ്രസംഗങ്ങള്‍ക്കിടയില്‍ തന്നെ സി.എച്ചിന്റെ പ്രോജ്വലമായ വ്യക്തിത്വം സഭ കണ്ടു. മുഖ്യമന്ത്രി ഇ.എം.എസും പ്രതിപക്ഷ നേതാവ് പി.ടി ചാക്കോയുമൊക്കെ അദ്ദേഹത്തെ ശ്രദ്ധിച്ചു.

1959-ലെ വിമോചന സമരത്തോടെ കമ്യൂണിസ്റ്റ് കമ്യൂണിസ്റ്റ് മന്ത്രിസഭ താഴെ വീണു. 1960-ല്‍ കോണ്‍ഗ്രസും പി.എസ്.പിയും ഒരുമിച്ച് മത്സരിച്ച് ഭരണം പിടിച്ചടക്കി. സീതിസാഹിബ് സ്പീക്കറായി. സീതിസാഹിബിന്റെ മരണത്തെ തുടര്‍ന്ന് മുന്നണിയില്‍ ചില അപശബ്ദങ്ങളൊക്കെ ഉണ്ടായെങ്കിലും സി.എച്ച് സ്പീക്കറായി. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് സി.എച്ച് രാജിവച്ചു. മുസ്‌ലിംലീഗ് മുന്നണി വിട്ടു.

ജാമിഅയുടെ സമ്മേളനത്തില്‍ പങ്കെടുത്ത്, 'സമുദായത്തിനു പ്രകാശം പരത്തുന്ന ഈ മഹാപ്രസ്ഥാനം സാമ്പത്തികമായി പ്രയാസം അനുഭവിച്ചുകൂടാ' എന്നു പറഞ്ഞ് തന്റെ തൊപ്പി ഊരി സദസ്സിനു നേരെ കാണിച്ച് പിരിവെടുക്കാന്‍ തുടങ്ങി

1962-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് സി.എച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. സീതിസാഹിബ് പരാജയപ്പെട്ട മണ്ഡലത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ജനസംഘവും എതിര്‍ചേരികളിലുണ്ടായിട്ടും സി.എച്ച് വിജയശ്രീലാളിതനായി. 1967-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും സി.പി.എം നയിക്കുന്ന മുന്നണിയില്‍ മുസ്‌ലിംലീഗും അംഗമായി. 'കോണ്‍ഗ്രസിന് ഒരു ഷേക്ട്രീറ്റ്‌മെന്റ്' മാത്രമായിരുന്നു ആ ബന്ധം. തെരഞ്ഞെടുപ്പില്‍ ജയിച്ച് സി.പി.എം-ലീഗ് മുന്നണി സപ്തകക്ഷി മന്ത്രിസഭ രൂപീകരിച്ചു. ഇ.എം.എസ് മുഖ്യമന്ത്രി, സി.എച്ച് വിദ്യാഭ്യാസമന്ത്രി, അഹമ്മദ് കുരിക്കള്‍ പഞ്ചായത്ത് ഫിഷറീസ് മന്ത്രി. ചരിത്രത്തിലാദ്യമായി മുസ്‌ലിംലീഗ് ഭരണത്തിലെത്തി. മന്ത്രിസഭയിലെ മികച്ച മന്ത്രിമാരെന്ന്-അഴിമതി തൊട്ടുതീണ്ടാത്ത ഭരണാധികാരികളെന്ന് സി.എച്ചും കുരിക്കളും വിലയിരുത്തപ്പെട്ടു.

1969-ല്‍ അഴിമതിയാരോപണങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ മന്ത്രിസഭ വീഴുന്നു. രാജ്യസഭാ അംഗമായ സി. അച്യുതമേനോനെ ബാഫഖി തങ്ങള്‍ കേരളത്തിലേക്ക് വിളിക്കുന്നു. തങ്ങളുടെ കാര്‍മികത്വത്തില്‍ അച്യുതമേനോന്‍ മന്ത്രിസഭ രൂപംകൊള്ളുന്നു. സി.എച്ചിന് ആഭ്യന്തര വകുപ്പ് കൂടി വന്നുചേര്‍ന്നു. മികച്ച വിദ്യാഭ്യാസ മന്ത്രിയെന്ന പേര് നേടിയ സി.എച്ച് കേരളം കണ്ട കഴിവുറ്റ ആഭ്യന്തരമന്ത്രി കൂടിയായി.

വിദ്യാഭ്യാസവും ആഭ്യന്തരവും മാത്രമല്ല, ടൂറിസവും സാമൂഹ്യക്ഷേമവും പൊതുമരാമത്തും ഹജ്ജും വഖഫും തുടങ്ങി നിരവധി വകുപ്പുകള്‍ സി.എച്ച് പലപ്പോഴായി കയ്യാളിയിട്ടുണ്ട്. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം ഒരു സി.എച്ച് സ്പര്‍ശം കേരളത്തിന് അനുഭവപ്പെട്ടു.
1979 സെപ്റ്റംബര്‍ 30ന് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഇഷ്ടദാന ബില്‍ ഉടന്‍ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ രാജിയില്‍ ചെന്നെത്തി.

സി.എച്ച് മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരമേറ്റു. ഇന്ത്യന്‍ ചരിത്രത്തിലെ അത്യപൂര്‍വമായ നിമിഷം. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു മുസ്‌ലിംലീഗുകാരന്‍ സംസ്ഥാന മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ്(എ), കോണ്‍ഗ്രസ്(ഐ), കേരള കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ്(ജെ), ജനതാ പാര്‍ട്ടി, എന്‍.ഡി.പി, പി.എസ്.പി കക്ഷികളെല്ലാം സി.എച്ചിനെ പിന്തുണച്ചു. 83 എം.എല്‍.എമാരുടെ പിന്തുണ. ഒരിക്കല്‍ സ്പീക്കറാവാന്‍ മുസ്‌ലിംലീഗ് അംഗത്വം രാജിവയ്ക്കണമെന്ന് വാശിപിടിച്ചവര്‍ കേവലം 18 വര്‍ഷത്തിനു ശേഷം സി.എച്ചിനു മുന്‍പില്‍ പച്ചപരവതാനി വിരിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയിലേക്ക് ആനയിച്ചു.

പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിന്റെ സമ്മേളനങ്ങളില്‍ സി.എച്ച് സജീവ സാന്നിധ്യമായിരുന്നു. എഴുപതുകളുടെ അവസാനം. സി.എച്ച് ജാമിഅയുടെ മഹാസമ്മേളനത്തില്‍ പങ്കെടുത്തു. ''സമുദായത്തിനു പ്രകാശം പരത്തുന്ന ഈ മഹാപ്രസ്ഥാനം സാമ്പത്തികമായി പ്രയാസം അനുഭവിച്ചുകൂടാ. നമ്മുടെ സ്ഥാപനമാണിത്. ഇത് തല ഉയര്‍ത്തി നില്‍ക്കേണ്ടത് ഈ സമുദായത്തിന്റെ ആവശ്യമാണ്''- ഇതും പറഞ്ഞ് തന്റെ തലയിലെ തൊപ്പിയൂരി സദസ്സിനു നേരെ കാണിച്ചു. ഭീമമായ ഒരു തുക ആ സമ്മേളനത്തില്‍ വച്ച് പിരിച്ചെടുത്തു. സ്ഥാപനത്തിന് അതു വലിയ മുതല്‍ക്കൂട്ടായി. ഇങ്ങനെ സമസ്തയുടെ എല്ലാ സംരംഭങ്ങളിലും സജീവസാന്നിധ്യമായി സി.എച്ച് ഉണ്ടായിരുന്നു.

ബിരുദങ്ങളുടെ കസവ് നൂല് സ്വന്തം പേരിനോട് ചേര്‍ക്കാനില്ലാതിരുന്നിട്ടും കേരളത്തിന്റെ മനസില്‍ തങ്കലിപികളാല്‍ ആ അക്ഷരങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടു -സി.എച്ച്.

ആ ഹൃദയത്തിന്റെ കുളിര്‍മയില്‍ നിന്ന് ഊറിവീണ മഞ്ഞുതുള്ളികളുടെ അഴകും ആഴവും വായിച്ചെടുക്കാന്‍ നമുക്കായി. അര്‍ജുനന്റെ മഴ പോലെ എതിര്‍ചേരിയെ വാക്ശരങ്ങള്‍ കൊണ്ട് കടന്നാക്രമിക്കാന്‍ കഴിഞ്ഞ യോദ്ധാവിന്റെ ആവനാഴി നമുക്ക് തൊട്ടറിയാനായി. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ 'സുന്ദരമായ ആ കൊടുങ്കാറ്റിന്റെ' ശീതളിമ അടുത്തറിയാനായി. ഒരു കുലുങ്ങിച്ചിരിയുടെ പ്രസാദാത്മകത ആ ജീവിതത്തെ പൊതിഞ്ഞു നില്‍ക്കുന്നതായി തോന്നി. സ്വന്തം പേര് കാലഘട്ടത്തിന്റെ പര്യായമാക്കി മാറ്റിയ മഹാ മാന്ത്രികനായിരുന്നു സി.എച്ച് എന്ന് ബോധ്യമായി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago