അഡ്വൈസ് മെമ്മോ ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി പി.എസ്.സി ഓഫിസില്‍ നിന്ന് നേരിട്ട് നല്‍കുന്നു
തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ(നിയമന ശുപാര്‍ശ മെമ്മോ) പി.എസ്.സി ഓഫിസുകളില്‍ നിന്ന് നേരിട്ട് നല്‍കുന്നതിന് ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. നിലവില്‍ സാധാരണ തപാലിലാണ് അഡൈ്വസ് മെമ്മോ അയക്കുന്നത്. പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പി.എസ്.സി ഓഫിസുകളില്‍ ഉദ്യോഗര്‍ഥി സമീപിച്ചാലാകട്ടെ ഡ്യൂപ്ലിക്കേറ്റ് ലഭിയ്ക്കില്ല. ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാല്‍ പകരം നിയമന ശുപാര്‍ശ ചെയ്തുവെന്ന അറിയിപ്പ് മാത്രമേ നല്‍കിയിരുന്നുള്ളൂ. ഇത് സംബന്ധിച്ച് കാലങ്ങളായി കമ്മിഷനു മുമ്പാകെ പരാതികള്‍ എത്തിയിരുന്നു.
പലപ്പോഴും തപാലിലെ കാലതാമസം മൂലം കിട്ടേണ്ട ജോലി നഷ്ടപ്പെട്ടവരുടെ ദയനീയ ചിത്രം പി.എസ്.സി ചെയര്‍മാനു മുമ്പില്‍ എത്തിയിരുന്നുവെങ്കിലും ഇതുവരെ ആരും ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം എടുത്തിരുന്നില്ല. ഇന്നലെ പി.എസ്.സി യോഗം വിഷയം ചര്‍ച്ച ചയ്ത് നിര്‍ണായക തീരുമാനം എടുക്കുകയായിരുന്നു.
നിയമന ശുപാര്‍ശ പി.എസ്.സി ഓഫിസുകളില്‍ നേരില്‍ ഹാജരായി ഉദ്യോഗാര്‍ഥി കൈപ്പറ്റുന്നതോടെ പരാതിയ്ക്ക് പരിഹാരമാകുകയാണ്.
ഈ മാസം 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ക്കാണ് പുതിയ നടപടിക്രമം ബാധകമാകുക. ആഗസ്റ്റ് 5ന് കമ്മിഷന്റെ ആസ്ഥാന ഓഫീസില്‍ ഈ നടപടി ക്രമമനുസരിച്ച് അഡൈ്വസ് മെമ്മോ വിതരണം ആരംഭിക്കും. മറ്റ് മേഖല,ജില്ലാ ഓഫിസുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലായി വിതരണം ചെയ്യും. അഡൈ്വസ് മെമ്മോ വിതരണം ചെയ്യുന്ന തീയതി അടക്കമുള്ള വിവരം ദ്യോഗാര്‍ഥികള്‍ക്ക് തപാല്‍, പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങളിലൂടെ നല്‍കും. നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് തുടര്‍ ദിവസങ്ങളിലും അതാത് പി.എസ്.സി. ഓഫിസില്‍ നിന്നും കൈപ്പറ്റാവുന്നതാണ്. ജോലിയില്‍ പ്രവേശിക്കുമ്പോഴും തുടര്‍ന്ന് നിയമനപരിശോധന വേളയിലും അഡൈ്വസ് മെമ്മോ അത്യാവശ്യ രേഖയാണ്. നിയമന ശുപാര്‍ശ മെമ്മോ ബന്ധപ്പെട്ട ഉദ്യോഗാര്‍ഥി തന്നെയാണ് കൈപ്പറ്റുന്നത് എന്ന് ഇതുമൂലം കമ്മിഷന് ഉറപ്പാക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."