സഊദിയിൽ വിസ പ്രോസസ്സിംഗ് സെന്ററുകൾ പ്രവർത്തനം പുനഃരാരംഭിച്ചു
റിയാദ്: അന്താരാഷ്ട്ര യാത്ര വിലക്ക് ഒഴിവാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ വിസ അപേക്ഷാ കേന്ദ്രങ്ങൾ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ടൂറിസ്റ്റ് വിസ ഒഴികെ ലഭ്യമായ എല്ലാ വിഭാഗങ്ങൾക്കും വിഎഫ്എസ് കേന്ദ്രങ്ങൾ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. മുഴുവൻ തൊഴിൽ വിസ അപേക്ഷകർക്കും നിർബന്ധിത ബയോമെട്രിക് എൻറോൾമെന്റിനുള്ള അപേക്ഷകൾ വിഎഫ്എസ് കേന്ദ്രങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. സഊദി അറേബ്യ ഉൾപ്പെടെ ആഗോളതലത്തിൽ വീണ്ടും വിസ അപേക്ഷാ കേന്ദ്രങ്ങൾ (വിഎസ്എഫ്) വ്യാപകമായി തുറന്നു പ്രവർത്തനം പുനഃരാരംഭിച്ചതായി കാണാനായെന്നും ഇത് വളരെ ആശ്വാസകരമാണെന്നും വിഎഫ്എസ് ഗ്ലോബൽ സഊദി അറേബ്യ മേധാവി സുമന്ത് കപൂർ അറിയിച്ചു. രാജ്യത്തെ 28 കേന്ദ്രങ്ങളിൽ 20 എണ്ണവും ഇതിനകം തുറന്നുകഴിഞ്ഞു.
ലോകമെമ്പാടുമുള്ള ഗവൺമെന്റ്, നയതന്ത്ര ദൗത്യങ്ങൾക്കുമായുള്ള ലോകത്തിലെ ഏറ്റവും വലിയ വിസ സേവന സ്‌പെഷ്യലിസ്റ്റാണ് വിഎഫ്എസ് ഗ്ലോബൽ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് അഞ്ച് ഭൂഖണ്ഡങ്ങളിലായി 144 രാജ്യങ്ങളിലായി 3,430 വിഎഫ്എസ് കേന്ദ്രങ്ങളും നിലവിലുണ്ട്. 2020 സെപ്റ്റംബർ വരെ 225 ദശലക്ഷത്തിലധികം അപേക്ഷകളാണ് ഈ കേന്ദ്രങ്ങൾ വഴി പൂർത്തീകരിച്ചത്. ആഗോള തലത്തിൽ വിഎസ്എഫ് കേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതായും പ്രാദേശിക ഗവണ്മെന്റുകളുടെയും എംബസിയുടെയും അംഗീകാരത്തെ ആശ്രയിച്ചാണ് ഓഫീസുകൾ തുറക്കുന്നതെന്നും സുമന്ത് കപൂർ പറഞ്ഞു.
ഒരു വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുകയെന്നത് അപേക്ഷകന് അവർക്ക് ആവശ്യമുള്ള രാജ്യത്തേക്ക് പോകാൻ കഴിയുമെന്ന് അർത്ഥമാക്കുന്നില്ല. യാത്രക്കാർ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ ഔദ്യോഗിക സർക്കാർ നിർദേശങ്ങളും എയർലൈൻ സംവിധാനവും പരിശോധിക്കാൻ ഞങ്ങൾ അപേക്ഷകർക്ക് നിർദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."