ചേലക്കരയില്‍ ഇന്ന് അവിശ്വാസം: ഭരണ പ്രതീക്ഷയില്‍ യു.ഡി.എഫ്; വിജയ പ്രതീക്ഷയില്‍ ഇടത്
ചേലക്കര: ചേലക്കര പഞ്ചായത്ത് ഭരണസമിതിയുടേത് അഴിമതി ഭരണവും സ്വജനപക്ഷപാതവുമാണെന്ന് ആരോപിച്ച് യു.ഡി.എഫ് നോട്ടിസ് നല്കിയ അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചക്കെടുക്കും.
എല്‍.ഡി.എഫിന്റെ പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണനെതിരേ നല്കിയ അവിശ്വാസമാണ് രാവിലെ 11ന് ചര്‍ച്ചക്കെടുക്കുക. തുടര്‍ന്ന് വോട്ടെടുപ്പും ഉണ്ടാകും.
വൈസ് പ്രസിഡന്റ് ഗായത്രി ജയനെതിരേയുള്ള അവിശ്വാസ പ്രമേയം നാളെ പരിഗണിക്കും. 22 അംഗ പഞ്ചായത്തില്‍ നിലവില്‍ 21 മെമ്പര്‍മാരാണുള്ളത്.
മെമ്പര്‍ വെങ്ങാനെല്ലൂര്‍ ഗോപിനാഥ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 21 പേരില്‍ യു. ഡി.എഫ് 11, എല്‍.ഡി.എഫ് 10 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണി കള്‍ക്ക് 11 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ സത്യപ്രതിഞ്ജയ്ക്ക് മുന്‍പുതന്നെ തോട്ടേകാട് വാര്‍ഡ് മെമ്പര്‍ മരിച്ചതോടെ ഭരണം ഇടത് മുന്നണി നേടി.
ഉപതെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചതോടെ വീണ്ടും തുല്യതയായി. ഇപ്പോള്‍ ഇടത് മെമ്പറുടെ മരണം ഇടതുമുന്നണിയെ ന്യൂനപക്ഷമാക്കി. മുന്നണിക്ക് ഏറെ വേരുള്ള ചേലക്കര വീണ്ടും തിരിച്ചുപിടിക്കാനാകുമെന്ന ശുഭ പ്രതീക്ഷ യു.ഡി.എഫ് വച്ചുപുലര്‍ത്തുമ്പോള്‍ ഇടത് മുന്നണി ഭരണം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."