പശുക്കടത്ത് ആരോപിച്ച് ആക്രമണം: രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികള്‍ ഒളിവില്‍ , മുഖ്യപ്രതികളിലൊരാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി
കാസര്‍കോട്: പശുക്കടത്ത് ആരോപിച്ചു രണ്ടുപേരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലിസിന് പിടികൂടാന്‍ കഴിഞ്ഞില്ല. അതിനിടെ പ്രതികളിലൊരാള്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആറ് സംഘ് പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ പൊലിസിനു സാധിക്കാതിരിക്കുമ്പോഴാണ് കേസിലെ മുഖ്യപ്രതിയായ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ജാമ്യാപേക്ഷ നല്‍കിയത്.
കര്‍ണാടക പുത്തൂര്‍ പാര്‍പുഞ്ചയിലെ ഹംസ(40), ല്‍താഫ്(30) എന്നിവരെയാണ് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. വളര്‍ത്താനായി പശുക്കളെയും കുഞ്ഞിനേയും കൊണ്ടുവരുന്നതിനിടയിലാണ് പശുക്കടത്ത് ആരോപിച്ച് സംഘം ഇവരെ ആക്രമിച്ച് പശുക്കളും വാഹനവുമായി കടന്നത്. അന്‍പതിനായിരം രൂപയും കൊള്ളയടിച്ചിരുന്നു.
സംഭവത്തില്‍ കരള പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ സംസ്ഥാന അതിര്‍ത്തിയില്‍ അപ്രഖ്യാപിത ഹര്‍ത്താലും പ്രഖ്യാപിച്ചു. കേരള, കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്കുനേരെ വ്യാപക അക്രമവും അഴിച്ചുവിട്ടിരുന്നു.
ഇതിനു പിന്നാലെ കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ ഉന്നത നേതാക്കള്‍ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കവും നടത്തിയിരുന്നു. പൊലിസ് പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം വരുത്തിയതോടെയാണ് പ്രതികളിലൊരാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘ് പരിവാര്‍ സംഘങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അക്രമികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലിസ് പരാജയപ്പെടുന്നതാണ് അക്രമങ്ങള്‍ പെരുകാന്‍ ഇടയാകുന്നതെന്നഅഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പ്രതികളിലൊരാള്‍ക്കു ജാമ്യം ലഭിച്ചാല്‍ ബാക്കിയുള്ളവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."